Monday, 11 April 2016

ലാപ് ടോപ്‌



" ചേട്ടാ എനിക്ക് ഒരു ലാപ്ടോപ് അയച്ചു തരണേ "

വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ത ഉടന്‍ അനിയത്തി അവനോട് ആദ്യം പറഞ്ഞത് അതാണ്‌.

" അതിനെന്താ ഞാന്‍ വെക്കേഷന്‍ വരുമ്പോ കൊണ്ടുവരാം "

" അത് പറ്റൂല്ല, ചേട്ടന്‍ ഇനി ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞല്ലേ വരൂ, എനിക്ക് ഈ മാസം തന്നെ വേണം. "

" ഡീ അത് ... "

" പോ എന്നോട് ഒരു സ്നേഹോം ഇല്ല അതോണ്ടല്ലേ ഹ്മ്മം എന്നോട് ഇനി മിണ്ടണ്ട "

അവള്‍ പിണങ്ങി ഫോണ്‍ അമ്മയ്ക്ക് കൊടുത്തു.

" മോനെ അവള്‍ക്ക് അതൊരെണ്ണം അങ്ങ് അയച്ചു കൊടുത്തേരെ ഇല്ലേല്‍ ഇനി ഇതും പറഞ്ഞ് സ്വൈര്യം തരൂല്ല ... "

" മം നോക്കാമമ്മേ , പിന്നെ എന്താണ് വീട്ടിലെ വിശേഷങ്ങള്‍ "

" ആ അത് പറയാനിരിക്കുകയായിരുന്നു, ഈ മാസം കുറച്ച് കൂടുതല്‍ കാശ് അയയ്ക്കണം. ബാങ്കില്‍ നിന്ന് പേപ്പര്‍ വന്നിട്ടുണ്ട് ലോണിന്റെ, ഈ മാസം കുറച്ച് കൂടുതല്‍ തുക അടയ്ക്കണമത്രേ ,
പിന്നെ അറിഞ്ഞു കാണുമല്ലോ ഈ മാസമാ  ദേവൂന്റെ കല്യാണം ... അവള്‍ക്ക്‍ ഒരു പവനെങ്കിലും കൊടുക്കണ്ടേ നമ്മൾ ഇല്ലേല്‍ മോശമാ "

അത് പറഞ്ഞു അമ്മ ഒരു ദീര്‍ഘനിശ്വാസം ഇട്ടു ...

"  നിന്റെ പെണ്ണായി ഈ വീട്ടില്‍ വരണമെന്ന് അവൾ ഒത്തിരി ആഗ്രഹിച്ചതാ ഞാനും, പക്ഷെ നമ്മുടെ അവസ്ഥ ഇപ്പൊ ഇങ്ങനായിപ്പോയില്ലേ .... ... "

" അമ്മ ഇനി അതൊക്കെ പറഞ്ഞ്.... "

" ആഹ് അതും ശരിയാ വെറുതേ നിന്നെ വിഷമിപ്പിക്കുന്നില്ല, അപ്പൊ മറക്കണ്ട ഈമാസം കുറച്ച്‍ കാശ് കൂടുതൽ അയയ്ക്കാന്‍ , ഞാന്‍ വിനൂന് കൊടുക്കാം ഫോണ്‍ അവനു എന്തോ പറയാനുണ്ടെന്ന് നിന്നോട് "

" മം കൊടുക്ക് കുറെയായല്ലോ അവനോട് സംസാരിച്ചിട്ട് ഞാന്‍വിളിക്കുമ്പോളോന്നും അവന്‍ കാണില്ലല്ലോ വീട്ടിൽ "

" ചേട്ടാ വിനുവാ ചേച്ചിയ്ക്ക് ലാപ്ടോപ് അയക്കുമ്പോ എനിക്ക് ഒരടിപൊളി ഫോണ്‍ കൂടി അയയ്ക്കണേ, കോളേജില്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തെ ഞാന്‍ മാത്രെ ഉള്ളൂ. എങ്കില്‍ ശരി ഞാന്‍ അച്ഛന് കൊടുക്കാം "

" അച്ഛാ "

" പറേടാ നീ വല്ലതും കഴിച്ചോ "

" മം കഴിച്ചു ... അച്ഛന്‍ കേട്ടില്ലേ എല്ലാം... ഇനി പറ അച്ഛന് എന്താണ് ഞാന്‍ അയക്കേണ്ടത് ... "

" എനിക്കൊന്നും വേണ്ടടാ നീ വെക്കേഷന് വരുമ്പോ ഡ്യൂട്ടി ഫ്രീ ന്നു വാങ്ങുന്ന ഒരു ബോട്ടില്‍ അത് ധാരാളമാ എനിക്ക് "

എല്ലാം കഴിഞ്ഞ് ഫോൺ വെയ്ക്കുമ്പോൾ അവന്‍റെ കയ്യിലിരുന്നു ചിരിക്കുന്നുണ്ടായിരുന്നു ഈ മാസത്തെ സമ്പാദ്യമായ ആയിരം ദിര്‍ഹം...

അന്ന് കഴിക്കുമ്പോൾ കുബൂസ് കരയുകയായിരുന്നിരിക്കണം, അതാവാം ഡാലിനോടൊപ്പം  പതിവില്ലാതെ ഇന്നവന് ഉപ്പ് രസം കൂടുതല്‍ തോന്നിയതും...

4 comments:

  1. സ്വയം കത്തി ഉരുകി സ്വന്തക്കാർക്ക്‌ വെളിച്ചമാകുന്നവർ!!!!

    ReplyDelete
    Replies
    1. അവനാണ് പ്രവാസി ...

      Delete
  2. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ടവർ, ആവശ്യങ്ങൾ മാത്രം പറയാൻ അറിയുന്ന സ്വന്തക്കാർ.... ജീവിത പ്രാരാബ്ദങ്ങൾ കഴിഞ്ഞ് ജീവിക്കാൻ സമയമില്ലാത്ത പ്രവാസി... ഹൃദയത്തിൽ ചോര പൊടിയുന്നു...

    ReplyDelete
  3. സ്വയം കത്തി ഉരുകി സ്വന്തക്കാർക്ക്‌ വെളിച്ചമാകുന്ന പ്രവാസി

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...