Sunday, 21 June 2015

സംഗീതം പഠിക്കല്‍



പണ്ട് സംഗീതം പഠിക്കണമെന്ന മോഹവുമായി എട്ടാം വയസ്സില്‍ കയറിച്ചെന്നത്‌ ലക്ഷ്മി ടീച്ചെറിന്റെ വീട്ടില്‍ ആണ്.

ക്ലാസ് തുടങ്ങി മൂന്നാം ദിവസം ടീച്ചെറുടെ മകള്‍ " എന്നെ " ലൈന്‍ അടിച്ചു
എന്ന നിസ്സാര കാരണം കൊണ്ട് ഞാന്‍ ക്ലാസിന് പുറത്തായി ...
.
പിന്നെ ഓരോണക്കാലത്ത് പാട്ടുപഠിപ്പിക്കാന്‍  ദക്ഷിണ ചോദിച്ച നാരായണന്‍ മാഷിനോട് ദക്ഷിണയായി
രണ്ടും കല്‍പ്പിച്ച് സ്റ്റേജില്‍ കേറി ഒരു പാട്ടങ്ങ് കാച്ചി.

 " എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി... "

ന്‍റെ രാക്ഷസി പാട്ട് തുടങ്ങിയതും സദസ്സ് നിശബ്ദരായി.

പക്ഷെ പാട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ ശരിക്കും രാക്ഷസന്മാരേ കണ്ടു കണ്ണ് നിറഞ്ഞുപോയി .

അന്ന് സമ്മാനമായി കിട്ടിയ ചെരുപ്പുകള്‍ ചാക്കില്‍ വാരിക്കൂട്ടുന്നതിനിടയില്‍ വേദിയില്‍ കയറിവന്ന നാരായണന്‍ മാഷ്‌ കെട്ടിപ്പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു...

" ഐ ആം പ്രൌഡ് ഓഫ് മൈ ബോയ്‌ "

" താങ്ക്യൂ മാഷേ മാഷെങ്കിലും എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞല്ലോ സന്തോഷായി മാഷേ സന്തോഷായി "

" പ്ഫ... കലാകാരനോ ക്ലാസ്സില്‍ തോറ്റാലും  നീ ഈ ചെരുപ്പ് വിറ്റ് ജീവിച്ചോളും എന്നോര്‍ത്താ ഞാന്‍ അങ്ങനെ പറഞ്ഞെ "

" മാഷേ യൂ ടൂ ബ്രൂട്ടസ് "

എന്ന് പറഞ്ഞ് കലികയറിയ ഞാന്‍ ഒരു പൊട്ടച്ചെരുപ്പെടുത്തു മാഷിന്റെ മൊട്ടത്തലക്കിട്ടു ഒന്ന് കൊടുത്ത് ഒരൊറ്റ ഓട്ടം

അന്ന് നിര്‍ത്തിയതാ ഈ പാട്ട് പഠിക്കണ ഏര്‍പ്പാട്...



Tuesday, 16 June 2015

മുത്തശ്ശി


മുത്തശ്ശിക്കഥകള്‍ കുട്ടിക്കാലത്ത് ഒരുപാട് വായിച്ചിട്ടുണ്ട്.

അന്നൊക്കെ മുത്തശ്ശി എന്നാല്‍ നമ്മുടെയൊക്കെ മനസ്സില്‍ വെളുത്ത തലമുടിയുള്ള കയ്യില്‍ ഒരു വടിയും കുത്തി നടന്നുവരുന്ന കുട്ടികളെയെല്ലാം വട്ടം കൂട്ടി ഒരുപാട് നല്ല കഥകള്‍ പറഞ്ഞുതരുന്ന ഒരു രൂപമായിരുന്നു ...

അങ്ങനെയൊരു മുത്തശ്ശിയെ കാണാന്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഭാഗ്യമില്ല ഉണ്ടെങ്കില്‍ അത്  കഥകളില്‍ കൂടി മാത്രമാകും...

അങ്ങനെ എനിക്കുമുണ്ടായിരുന്നു ഒരു മുത്തശ്ശി,
എന്നാല്‍ മുത്തശ്ശി എനിക്ക് താരാട്ട് പാടിത്തന്നതോ
കുട്ടിക്കാലത്ത് കഥകള്‍  പറഞ്ഞുതന്നതോ ഒന്നും എനിക്കിന്നോര്‍മ്മയില്ല ...

പന്ത്രണ്ട് മക്കളും കുട്ടികളും പേരക്കുട്ടികളും  ഉള്ള വല്യ കുടുംബത്തിലെ രാജ്ഞിയായിരുന്നു ന്‍റെ മുത്തശ്ശി...

അച്ഛന്റെ തറവാട്ടില്‍ ഇടയ്ക്ക് അവധിക്ക് ചെല്ലുമ്പോ എപ്പോളും ഉമ്മറത്തുണ്ടാവും പഞ്ഞിക്കെട്ടുപോലെ വെളുത്ത തലമുടിയുള്ള, പല്ലുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട് ന്‍റെ മുത്തശ്ശി ...

അച്ഛന്‍ വാങ്ങിത്തന്ന വെറ്റിലയും പുകയിലയും കയ്യിലോട്ട് കൊടുക്കുമ്പോള്‍ ആ മുഖത്തു സന്തോഷം  ഒന്ന് കാണണം.

ഇടക്ക് തന്നെ വന്നു കാണാത്തതില്‍ അച്ഛനോട് പരിഭവം പറയുമ്പോ ആ കണ്ണുകള്‍ നിറയാറുണ്ടായിരുന്നു ...

അച്ഛന്‍ കരയുന്നത് ആദ്യായിട്ട് ഞാന്‍ കണ്ടത് ഒരിക്കല്‍
മുത്തശ്ശി ആശുപത്രിയില്‍ സീരിയസ് ആയി കിടന്നപ്പോഴാണ്‌.

പക്ഷെ ഇനിയൊരു അവധിക്കാലത്ത് ഞാന്‍ ചെല്ലുമ്പോള്‍ എന്‍റെ  തലയില്‍ തലോടിക്കൊണ്ട്

" ന്‍റെ കുട്ടി ഇപ്പൊ ഒത്തിരി ക്ഷീണിച്ചല്ലോ "

എന്നും

" ന്‍റെ കുട്ടി ഒത്തിരി വലുതായി മിടുക്കനായിട്ടോ   "
എന്നൊക്കെ പറയാനും

എന്‍റെ പൊട്ടത്തരങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കാനും
അച്ഛന്റെ കുട്ടിക്കാലത്തെ കുസൃതിത്തരങ്ങളും
മുത്തച്ഛന്റെ കഥകളും  പറഞ്ഞു എന്നെ ചിരിപ്പിക്കാനും,
പോകുമ്പോള്‍ ആരും കാണാതെ

"അച്ഛനോട് പറയണ്ട  ഇത് മോന്‍ മുട്ടായി മേടിച്ചോ "

എന്ന് പറഞ്ഞു എന്റെ കയ്യില്‍ നാണയത്തുട്ടുകള്‍  വച്ചുതരാനും  അവിടെ എന്റെ മുത്തശ്ശി ഇനി ഉണ്ടാവില്ല ...

അങ്ങ് ദൂരെ  ദൂരെ നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ മുമ്പേ പോയ മുത്തശ്ശന്‍റെ അടുത്തേക്ക് മുത്തശ്ശിയും യാത്രയായി.
 ഇനി ഒരിക്കലും തിരിച്ചു വരാത്ത യാത്ര...

Wednesday, 10 June 2015

പൂവാലന്‍



അവളുടെ പിന്നാലെ അവന്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചുനാളായി,

കോളേജില്‍ പോകുന്ന വഴിയിലും , വീട്ടിലേക്ക് പോകുന്ന വഴിയിലും എല്ലാം അവനുണ്ടായിരുന്നു,

തന്നിലെ പ്രണയം അവളോട് തുറന്ന് പറയാന്‍ അവന്‍റെ മനസ്സ്  വെമ്പി.

എന്നുതൊട്ടോ അവളും അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

ഇഷ്ട്ടമാണെന്ന് അവന്‍ പറയുന്നത്‌ അവളും ആഗ്രഹിച്ചു.

പിന്നാലെ നടന്നവന്‍റെ ഒപ്പം നടക്കാന്‍ അവള്‍ കൊതിച്ചു.

തന്റെയുള്ളിലെ ഇഷ്ട്ടം അവളോട്‌ പറയാന്‍ അവന് ധൈര്യം കുറവായിരുന്നു.
ഒരു കടലാസില്‍ തന്‍റെ ഇഷ്ട്ടം എഴുതി അവളെ ഏല്‍പ്പിക്കാന്‍ അവന്‍ അവസാനം തീരുമാനിച്ചു.

അങ്ങനെ പിറ്റേന്ന് ആ കടലാസ് അവള്‍ക്ക് നേരെ നീട്ടി
വിറച്ചു കൊണ്ട് അവന്‍ പറഞ്ഞു

" ഇത് വായിക്കണം ഞാന്‍ കാത്തിരിക്കും ഒരു മറുപടിക്കായി "

അതും വാങ്ങി അവള്‍ നടന്നു
ഉള്ളില്‍ എന്തോ പോലെ ഒരു വെപ്രാളം
ആ കടലാസിലെ വരികള്‍ എന്താണെന്നറിയാനുള്ള ജിജ്ഞാസ
വീട്ടിലെത്തി കതകടച്ചു ആകാംഷയോടെ ആ കടലാസ് തുറന്നു.

ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു
ഒരു നിമിഷം കണ്ണടച്ച് മുകളിലോട്ട് നോക്കി
വീണ്ടും കടലാസിലേക്ക് അതിലെ അക്ഷരങ്ങളിലെയ്ക്ക്

" ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട്

നേരിട്ട് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാ

ഇങ്ങനെ ഒരു കത്ത് എഴുതിയത്

മറുപടി തരണം അത് എന്തായാലും "

അന്ന് പഠിക്കാനിരിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ അവന്‍ തന്ന
ആ കത്തിനെക്കുറിച്ചായിരുന്നു
മേശയില്‍ മുഖമമര്‍ത്തി ടേബിള്‍ ലൈറ്റ് ഓഫ് ചെയ്തും ഓണ്‍ ചെയ്തും അവള്‍ ഇരുന്നു
എന്ത് മറുപടി എഴുതും?

പിറ്റേന്ന് വഴിയരികില്‍ അവന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവളുടെ മറുപടിക്കായി,

ഒരു കുഞ്ഞ് കടലാസില്‍ എഴുതിയ മറുപടി അവനെ ഏല്‍പ്പിച്ച് അവള്‍ ഓടിമറഞ്ഞു.

ലോകം കീഴടക്കിയവനെപ്പോലെ അവനൊന്നു ചിരിച്ചു

അവന്റെ സന്തോഷം അത്രക്കുണ്ടായിരുന്നു

പയ്യെ അവന്‍ അവള്‍ തന്ന ആ കത്ത് തുറന്നു.

" ഒരു പെണ്ണിന്‍റെ മുഖത്തു നോക്കി ഇഷ്ട്ടമാണെന്ന്

പറയാന്‍ ധൈര്യമില്ലാത്ത നിന്നെ ഞാനെങ്ങനെ

 ഇഷ്ട്ടപ്പെടും I Hate You   "

അവന്‍ വീണ്ടും വീണ്ടും ആ കടലാസിലേക്ക് നോക്കി
ഇങ്ങനെ ഒരു മറുപടി ഒരിക്കലും താന്‍ പ്രതീക്ഷിച്ചില്ല.

അവളോട് അത്രക്ക് ഇഷ്ട്ടമായിരുന്നു
വര്‍ഷങ്ങളായി പിന്നാലെ നടന്നപ്പോള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്
ഇഷ്ട്ടം അവളോടൊന്ന് തുറന്നു പറയാന്‍.

പക്ഷെ അവളിങ്ങനെ അടുത്ത് വരുമ്പോള്‍ പറയാനുള്ള വാക്കുകള്‍ ചോര്‍ന്നു പോകുന്നു.

നാവ് നിശ്ചലമാകുന്നു.

അവള്‍ തന്നെ കടന്നു പോകുന്നതുവരെ കാലുകള്‍ക്ക് പോലും ചലനശേഷി നഷ്ട്ടപ്പെടുന്നു.
കണ്ണുകള്‍ മാത്രം ഇമ വെട്ടാതെ അവളെ പിന്തുടരും അപ്പോഴും.

ആ കടലാസില്‍ ഇഷ്ട്ടം എഴുതിക്കൊടുക്കുമ്പോളും തന്‍റെ കൈകള്‍ വിറച്ചിരുന്നു.

പലപ്പോഴും അവള്‍ തനിക്ക് സമ്മാനിച്ച പുഞ്ചിരികളില്‍ എവിടെയോ തന്നിലുള്ള ഇഷ്ട്ടം അവന്‍ കണ്ടിരുന്നു
അതാവാം ആ കടലാസ്സില്‍ കുറിച്ച്ചുകൊടുക്കാനുള്ള ധൈര്യം സമ്മാനിച്ചതും.

എന്നിട്ടും ഈ മറുപടി

****      **********         *********          **********      *********

കുറെ നാളായി തന്‍റെ പിന്നാലെയുള്ള ഈ നടപ്പ് തുടങ്ങീട്ട്
ഇവനെന്താ ഇഷ്ട്ടം തുറന്നു പറയാത്തത് എന്നായിരുന്നു ചിന്ത.

ഇപ്പൊ ദാ പേടിച്ചു പേടിച്ചു ഒരു കത്തുമായി വന്നിരിക്കുന്നു ഒരു മറുപടിക്കായി.
ഇഷ്ട്ടമാണ് എനിക്കുമവനെ അത് തിരിച്ചു ഒരു കടലാസില്‍ അവള്‍ എഴുതി മനസ്സ് തുറന്നു.

അപ്പൊ ഒന്ന് വിചാരിച്ചു ഇവനെ ഒന്ന് പറ്റിച്ചാലോ ?

ഒറ്റയടിക്ക് അങ്ങ് പ്രണയത്തില്‍ വീണാല്‍ എന്താ രസം അല്ലേ
കുറച്ചു ഇനി എന്‍റെ പിന്നാലെ നടക്കട്ടെ അപ്പൊ പറയാം ഇഷ്ട്ടമാണെന്ന്.
ഇതിരിക്കട്ടെ മറുപടി എന്ന് വച്ച് അവള്‍ മറ്റൊരു കത്തെഴുതി അവന്.

അത് അവനെ ഏല്‍പ്പിക്കുമ്പോള്‍ അവള്‍ക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു എങ്കിലും ഗൌരവം ഭാവിച്ചു.

ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആര്‍ത്തിയോടെ താന്‍ കൊടുത്ത കടലാസ് തുറന്നു വായിക്കുന്ന അവനെ കണ്ടു ഉള്ളില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു ....

********        ************          **************       *******

പിറ്റ്യെന്ന് അവള്‍ അവനെ കണ്ടില്ല എങ്ങും
എന്നും കാണുന്ന വഴിയിലെല്ലാം അവനെ നോക്കി
ഇല്ല എവിടെയുമില്ല

തൊട്ടടുത്ത ദിവസങ്ങളിലും അവനെ കണ്ടില്ല.

" താന്‍ ഒരു തമാശയ്ക്ക് എഴുതിയത് ...
എനിക്കും ഇഷ്ട്ടമാരുന്നല്ലോ അവനെ
ആ കത്തിനെ അവന്‍ ഇത്രയ്ക്ക് സീരിയസ് ആക്കിയിരുന്നോ ? "

പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ വഴിയരികില്‍  അവള്‍ അവനെത്തേടി,
പക്ഷെ കണ്ടില്ല,

കാണാതിരിന്നപ്പോളാണവള്‍ക്ക് മനസ്സിലായത്  താനും  എപ്പോഴോ അവനെ സ്നേഹിച്ചിരുന്നു എന്ന്.

അവനെ പറ്റിക്കാനായി അങ്ങനെ ഒരു മറുപടി എഴുതാന്‍
തോന്നിയ സമയത്തെയും ചിന്തയേയും ദിനവും അവള്‍ പഴിച്ചുകൊണ്ടിരുന്നു.

ദിനങ്ങള്‍ അതിവേഗം കൊഴിഞ്ഞുകൊണ്ടിരുന്നു കോളേജിലേക്കുള്ള അവസാന ദിവസവും അവള്‍ ആ ആലിന്‍ചുവട്ടിലേക്ക് നോക്കി ഇല്ല അവിടെ ആരുമില്ല.

ഇനിയൊരിക്കലും ഈ വഴി ഞാന്‍ വരില്ല എന്‍റെ കണ്ണുകള്‍ക്ക് ഇനി അവനെ തേടാനുമാവില്ല അവന്റെ പേരോ വിലാസമോ ഒന്നും തനിക്കറിയില്ല പക്ഷെ ആ രൂപം ഇന്നും മനസ്സിലുണ്ട് അത് എന്തോ മറക്കാനാവുന്നില്ല തന്‍റെ ഉള്ളിലെവിടെയോ ആ രൂപം പതിഞ്ഞുപോയിരുന്നു അതാവാം കഴിഞ്ഞ രണ്ടു വര്‍ഷവും താന്‍ അവനെ തേടിക്കൊണ്ടിരുന്നത് .

******              *********              ***********              ******

അവളുടെ വീട്ടില്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു

" ഇതെന്താ പെണ്ണുങ്ങള്‍ക്ക് മാത്രം ഇങ്ങനെ ഡിഗ്രി ഒന്ന്
കഴിയാന്‍ കാത്തിരിക്കുവാണോ ബ്രോക്കെര്‍മാര്‍
ഉടനെ വരും ഓരോ കോന്തന്മാരുടെ പടവുമായി അതും ഫോട്ടോ നോക്കിയാല്‍ ദുല്‍ക്കര്‍ സല്‍മാനെപ്പോലെ നേരിട്ട് വരുമ്പോ കാണാം ഒറിജിനല്‍ രൂപം  "

" മോളെ സൌന്ദര്യത്തിലല്ല കാര്യം നിന്നെ മനസ്സിലാക്കുന്ന ഒരു നല്ല മനസ്സുണ്ടായാ മതി ചെക്കന് "

" പിന്നെ വരുന്ന ചെക്കന്മാരുടെ മുഖത്തു എഴുതി വച്ചെക്കുവല്ലേ ഇതൊക്കെ ഒന്ന് പോ അമ്മെ "

" നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല ബാക്കിയെല്ലാം നിനക്ക് വഴിയെ മനസ്സിലായിക്കൊള്ളും നീ വേഗം റെഡിയായി നില്ല്ക്ക് അവരോക്കെയിപ്പോ എത്തും "

ഹോ മടുത്തു ഈ ഉടുത്തൊരുങ്ങി കാഴ്ച്ചവസ്തുവിനെപ്പോലെ ഓരോരുത്തരുടെ മുമ്പിലുള്ള നില്‍പ്പ്  ഇതിപ്പോ മൂന്നാമത്തെയാ.

മൂന്നുപേര്‍ കാണാന്‍ വന്നെങ്കിലും ഒരാളുടെ പോലും മുഖത്തു അവള്‍ നേരേ നോക്കിയില്ല ഓരോരുത്തരുടെയും മുമ്പില്‍ ചായയും കൊണ്ട് ഒരു യന്ത്രമനുഷ്യയെപ്പോലെ  പോയി നില്‍ക്കും അത്ര തന്നെ.

എന്തോ ആല്‍മരച്ചുവട്ടില്‍വച്ചു കത്തുനല്‍കി തന്നെ ആദ്യമായി പ്രൊപ്പോസ്  ചെയ്ത ആ ചെറുപ്പക്കാരന്‍  ഇന്നും മനസ്സിന്‍റെ ഏതോ കോണിലുണ്ട്.

എന്നത്തെയുംപോലെ ഇന്നും ആ ചടങ്ങ് കഴിഞ്ഞു മുറിയിലേക്ക് വന്നു.
അപ്പോഴാണ്‌ അനിയന്‍കുട്ടി ഒരു കുഞ്ഞിക്കടലാസുമായി മുറിയിലേക്ക് വന്നത്.

" ചേച്ചി ഇത് ആ ചേട്ടന്‍ ചേച്ചിയ്ക്ക് തരാന്‍ തന്നതാ "

" ഏതു ചേട്ടന്‍ "

" ചേച്ചിയെ കാണാന്‍ വന്ന ചേട്ടന്‍ "

അവള്‍ ആ കടലാസ് വാങ്ങി തുറന്ന് നോക്കി

" ഇഷ്ട്ടം നേരിട്ട് പറയാന്‍ ധൈര്യമില്ലാത്ത ഒരു പഴേ പൂവാലനെ ഓര്‍മ്മയുണ്ടോ ?

അവന്  ഇപ്പോഴും തന്നെ ഒരുപാട്  ഇഷട്ടാട്ടോ "

അവള്‍ വീണ്ടും വീണ്ടും ആ കടലാസ് വായിച്ചു പഴേ പൂവാലനോ ???

അവള്‍ ഓടി സ്വീകരണമുറിയിലെത്തി.
ചെറുക്കനും കൂട്ടരും അപ്പോളേയ്ക്കും ഇറങ്ങിക്കഴിഞ്ഞിരുന്നു.
കാറില്‍ കയറുന്നതിന് മുമ്പ് അവന്‍റെ  മുഖം മിന്നായം പോലെ അവള്‍ കണ്ടു.

അതെ ആല്‍മരച്ചുവട്ടില്‍ കടലാസുമായി നിന്ന, താന്‍ ഇത്രനാളും തേടിയവന്‍.

ആശ്ചര്യമോ അത്ഭുതമോ എന്തൊക്കയോ അവളുടെ ഉള്ളില്‍ കടന്നുപോയി.
അങ്ങനെ തരിച്ചു നില്‍ക്കേ
അവളുടെ ഫോണ്‍ ശബ്ദിച്ചു.

" ഹലോ "

" ഞാനാടോ  പഴേ തന്റെ ആ പൂവാലന്‍, അന്നെന്തോ നേരിട്ട് പറയാന്‍ ഒരു ധൈര്യമില്ലായിരുന്നു,
ഇപ്പോള്‍ നേരിട്ട് പറയാന്‍ ധൈര്യം ഒക്കെയായി വന്നതാ
പക്ഷെ താന്‍ ഒന്ന് മുഖം പോലും തരാതെ മുങ്ങിക്കളഞ്ഞില്ലേ.

അതാ അനിയന്‍കുട്ടന്‍റെ കയ്യില്‍ അങ്ങനെ എഴുതിക്കൊടുത്തുവിട്ടേ,

പിന്നെ അന്നും ഇന്നും എന്നും എനിക്ക് തന്നെ ഇഷ്ട്ടാട്ടോ..  "

അപ്പോളും അവളൊന്നും മിണ്ടിയില്ല...

" എന്താടോ എന്തേലും ഒന്ന് മിണ്ടിക്കൂടെ  "

അത് കേട്ട് മടിച്ച് മടിച്ച് അവള്‍ പറഞ്ഞു.

"  എ ..... എ .....ഐ ഹേറ്റ് യൂ  "

.

അത് കേട്ടവന്‍ പൊട്ടിച്ചിരിച്ചു കൂടെ എപ്പോളോ അവളും....

Tuesday, 9 June 2015

ബീഫ് പറഞ്ഞ ബാല്യം




സ്കൂളില്‍ പോയിട്ട് വീട്ടിലോട്ട് വരുമ്പോ തോമാച്ചായന്റെ
കടേലെ അടുക്കളയില്‍ നിന്ന് വരുന്ന ഒരു പ്രത്യേകതരം കാറ്റൊണ്ട്
ആ കാറ്റാണ് കുട്ടിക്കാലത്ത് എന്നെ ഒരു ഇറച്ചി കൊതിയനാക്കിയത് ...

എങ്ങനേലും അവിടുന്ന് പൊറോട്ടയും ഇറച്ചിയും കഴിക്കണം.
ഒരു ദിവസം ആരും കാണാതെ അമ്മേടെ പേര്‍സീന്ന് അഞ്ചു രൂപയും അടിച്ചു മാറ്റി നേരെ അങ്ങട് കയറിചെന്നു.

" അച്ചായാ മൂന്ന് പൊറോട്ടയും ബീഫും എത്രയാ "

" എട്ടു രൂപാ "

അയ്യോ എന്‍റെ കയ്യില്‍ അഞ്ചു രൂപേ ഉള്ളല്ലോ ശ്ശെ പത്തു രൂപാ എടുക്കണ്ടാതാരുന്നു.
എന്തായാലും വന്നു ഇനി കഴിക്കാതെ പോയാല്‍ ശരിയാവില്ല

" അച്ചായാ മൂന്ന് പൊറോട്ട "

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു

" ഇത്തിരി ബീഫിന്റെ ചാറും "

എന്‍റെ നിഷ്ക്കളങ്കമായ മുഖം കണ്ടാവണം പൊറോട്ടയുടെ മുകളില്‍ ചാറിന്റെ കൂടെ രണ്ട് പീസ്‌ ഫ്രീയായി ഇട്ടു തന്നു തോമാച്ചായന്‍.
പാവം സ്നേഹമുള്ള തോമാച്ചായന്‍

ബീഫിന്‍റെ പീസ്‌ കണ്ടതും എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി ആര്‍ത്തി മൂത്ത് നേരെ അതെടുത്തു വായിലിട്ടു ഒറ്റക്കടി

" അമ്മേ ന്‍റെ പല്ല് .... യ്യോ ... ".

ദുഷ്ട്ടന്‍  ആകെത്തന്ന രണ്ടുകഷ്ണത്തില്‍ ഒരെണ്ണം എല്ലിങ്കഷ്ണം ഹ്മം
ആരേലും കണ്ടാ എന്ന് ചുറ്റും നോക്കിയപ്പോ ദാ പുള്ളി നൈസ് ആയി എന്നെ നോക്കി ഇളിക്കുന്നു...

ഇനി അബദ്ധം പറ്റരുതെന്ന് വച്ച് അടുത്ത കഷ്ണം എടുത്തു പയ്യെ വായിലാക്കി
ആഹ ഇത് കുഴപ്പമില്ല സോഫ്റ്റ്‌ ടേസ്റ്റ് ഉണ്ട് കോളടിച്ചു എന്ന് വച്ച് ചവച്ചു തുടങ്ങി
ഹേ ഇതെന്താ ബബിള്‍ഗം ആണോ ചവച്ചിട്ടും ചവച്ചിട്ടും തീരുന്നില്ലല്ലോ
പണ്ടാരം അവിടേം പണി ഹ്മം

പിന്നെ ഉള്ള ഇറച്ചിചാറില്‍ മുക്കി പറോട്ട പയ്യെ  ആസ്വദിച്ചു കഴിചോണ്ടിരുന്നപ്പോള്‍ ആണ് ഒരു അലര്‍ച്ച കേട്ടത്

" ഡാ "

തിരിഞ്ഞു നോക്കിയപ്പോ ദേ നിക്കണ്  നമ്മടെ അച്ഛന്‍തിരുമനസ്സ്

സ്വപ്നം കാണുവാേണാ ഒന്ന് കണ്ണ് തിരുമ്മി നോക്കി
അല്ല സത്യം തന്നെ യ്യോ
കഴിച്ച മൂന്നു പൊറോട്ടയും ചാറും എല്ലാം അപ്പൊ തന്നെ ദഹിച്ചു എനിക്ക് വീണ്ടും വിശക്കാന്‍ തുടങ്ങി

" സ്കൂള്‍ വിട്ടാല്‍ വീട്ടില്‍ പോവാതെ ഇവിടെന്താടാ നിനക്ക് കാര്യം "

" അത്  അച്ഛാ.....  ഈ..... തോമസ....ച്ചായന്‍..... വിളി....ച്ചപ്പോ ഞാ......ന്‍ വെ....റുതെ ഇങ്ങോട്ട് "

ഇതെല്ലാം കണ്ട് കിണിചോണ്ടിരുന്ന പാവം തോമാച്ചായന്‍ ഇത് കേട്ട് കണ്ണുതള്ളി

" ഞാനോ  എപ്പോ "

പ്യാവം അച്ഛന്‍ അപ്പൊ തന്നെ എന്നെ ചെവിയില്‍ തൂക്കിഎടുത്തു

" വീട്ടില്‍പോടാ "

എന്ന് പറഞ്ഞ് പുറത്തോട്ട് എറിയുകയും കിട്ടിയ ചാന്‍സ് മുതലാക്കി തിന്ന പൊറോട്ടയുടെ കാശും കൊടുക്കാതെ നൂറെ നൂറ്റിപ്പത്തില്‍ ഒറ്റ ഓട്ടത്തിന് ഞാന്‍ വീട്ടിലെത്തി...

ഇനി എന്താ വീട്ടില്‍ സംഭവിക്കുന്നതെന്നറിയാം ചെമ്പരത്തിക്കമ്പ് കൊണ്ട് അച്ഛന്‍ എന്‍റെ ചന്തിയില്‍ ചിത്രം വരയ്ക്കും

അതിനെ പ്രതിരോധിക്കാന്‍ മൂന്ന് നിക്കറും വലിച്ചുകേറ്റി ഞാന്‍ റെഡിയായി നിന്നു

 അച്ഛന്‍ വന്നു പക്ഷെ എന്നെ തല്ലിയില്ല

എന്നെ വിളിച്ചു ഒരു പൊതി കയ്യില്‍ തന്നു

തുറന്നു നോക്കിയപ്പോ നല്ല ചൂട്  പൊറോട്ടയും ബീഫും

അന്ന് വില്ലനാവുമെന്ന് ഞാന്‍ കരുതിയ അച്ഛന്‍ എനിക്ക് നായകനായി

" നല്ല അച്ഛന്‍ ചക്കര അച്ഛന്‍ "

" ഡാ ഡാ മതി കൊണ്ടുപോയി കഴിക്ക് രണ്ടുപേരും കൂടി "

ഇത്തിരി ചാറും ഒരു പൊറോട്ടയും അനിയത്തിക്ക് കൊടുത്തിട്ട് ബാക്കി മുഴുവന്‍ ഞാന്‍ ഇരുന്നങ്ങ്  വെട്ടിവിഴുങ്ങി
എല്ലാം കഴിഞ്ഞു അനിയത്തിയുടെ പാത്രത്തില്‍ നിന്ന് ഒരു കഷ്ണോം അടിച്ചു മാറ്റി ഓരോട്ടവും ...

ഓര്‍ക്കുമ്പോ ഇതാ ഇപ്പോളും നാവില്‍ വെള്ളമൂറും തോമാച്ചായന്റെ കടേലെ പൊറോട്ടയും ബീഫും

മിസ്സ്‌ കാള്‍




മൊബൈല്‍  നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു

ഉറക്കച്ചടവില്‍ എപ്പോഴോ അവന്‍ കൈയെത്തി മൊബൈല്‍ എടുത്തു നോക്കി

Calling +918593......

ഏതോ അറിയാത്ത  നമ്പര്‍ ആണ് അവന്‍ കാള്‍ കട്ട് ചെയ്തു

വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴവേ മൊബൈല്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി

ശല്യം ഇതാരാ എന്ന് ഓര്‍ത്ത്‌ വീണ്ടും ഫോണ്‍ എടുത്തു നോക്കി,  അതേ നമ്പര്‍

" ഹലോ "

" ഹലോ എന്നെ മനസ്സിലായോ "

ങേ ഒരു പെണ്‍കുട്ടിയുടെ ശബ്ദമല്ലേ ഇനി ഉറക്കപ്പിച്ചില്‍ തോന്നുന്നതാണോ

" ഇല്ല മനസ്സിലായില്ല "

" ഞാനാ ശ്രുതി "

"ഏതു ശ്രുതി "

" ഓ അറിയില്ല അല്ലേ ഫേസ്ബുക്കിലെ ശ്രുതി പരമേശ്വര്‍ "

ഓ ഇപ്പൊ ഓര്‍മ്മ വന്നു ഫേസ്ബുക്കിലെ മിക്ക പോസ്റ്റിലും വന്നു സ്ഥിരം കമന്റ്‌ ഇടാറുള്ള കുട്ടി ...

" ഇപ്പൊ മനസിലായി ശ്രുതി പറയൂ "

" വെറുതെ ഒരു കാര്യം പറയാന്‍ വിളിച്ചതാ ... എന്താ  ഉറക്കത്തിലാണോ "

" അതെ ഞാന്‍ ഉറങ്ങുവാരുന്നു അതാ ആദ്യം ഫോണ്‍ എടുക്കാഞ്ഞേ    "

" അയ്യോ സോറി എന്നാ ഞാന്‍ പിന്നെ വിളിക്കാം ഇനി എപ്പോളാ എണീക്കേണേ "

ഉറക്കം വീണ്ടുമവനെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അവന്‍ പറഞ്ഞു

" രണ്ട് മണിക്കൂര്‍ കഴിഞ്ഞു, കുഴപ്പമില്ല കുട്ടി പറഞ്ഞോളൂ  "

" വേണ്ട ഞാന്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു വിളിക്കാം ചേട്ടായി ഉറങ്ങിക്കോട്ടോ  "

സ്വപ്നത്തിലെന്നതുപോലെ വന്ന ആ കോള്‍ കട്ട് ചെയ്ത് അവന്‍ വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി വീണു

അലാറം വീണ്ടുമവനെ ഉണര്‍ത്തി,
സ്നൂസ് അടിക്കാന്‍ വിരല്‍ വീണ്ടും ചലിച്ചപ്പോള്‍ ആണ് സമയം വൈകിയതവനറിഞ്ഞത്...
അയ്യോ വൈകിയിരിക്കുന്നു,
പെട്ടെന്ന് എണീറ്റ് റെഡിയായി...

ജോലിസ്ഥലത്തെയ്ക്കുള്ള യാത്രയില്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഏതോ ഒരു നമ്പറില്‍ നിന്ന് നാല് മിസ്കാള്‍
തിരികെ വിളിച്ചു നോക്കി
സ്വിച്ച് ഓഫ്‌ എന്ന് മറുപടി...

ജോലിസ്ഥലത്തേക്ക് എത്താന്‍ ഇനിയുമുണ്ട് നേരം പതിയെ കണ്ണടച്ചു ഒന്ന് മയങ്ങാന്‍ തുടങ്ങിയപ്പോഴാണ്  ഓര്‍ത്തത് ഉറക്കത്തിലെപ്പോഴോ ശ്രുതി എന്ന പെണ്‍കുട്ടി തന്നെ വിളിച്ചിരുന്നല്ലോ ?

മൊബൈല്‍ എടുത്തു നോക്കി അതെ ആ നമ്പരില്‍ നിന്നായിരുന്നു നാല് മിസ്കാള്‍

വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു സ്വിച്ച് ഓഫ്‌ തന്നെ ...

ഫേസ്ബുക്കില്‍ എപ്പോഴോ ഈ കുട്ടിയുടെ പോസ്റ്റുകളും താന്‍  ശ്രദ്ധിച്ചിരുന്നുവോ  ...
ആ യാത്രക്കിടയില്‍ പയ്യെ ആ പ്രൊഫൈല്‍ എടുത്തു നോക്കി ഓരോ എഴുത്തുകളിലേക്കും വിരലോടിച്ചു അതിലെല്ലാം നിറഞ്ഞുനിന്നത് ആ കുട്ടിയുടെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമൊക്കെയായിരുന്നു,
എല്ലാം നമ്മുടെ  ഉള്ളില്‍ തട്ടുന്ന വരികള്‍...

പിറ്റേന്ന് ഫേസ്ബുക്കില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുമ്പോള്‍ അവന്‍ കണ്ടു ആരോ ടാഗ് ചെയ്ത ഒരു വാര്‍ത്ത

" പാളം മുറിച്ചു കടക്കുന്നതിനിടയില്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ ട്രെയിന്‍ തട്ടി മരിച്ചു ..."

അതിലൊരാളുടെ പേര് ശ്രുതി പരമേശ്വര്‍ എന്നും ...


പിന്നീട് പല രാത്രികളിലും അവന്‍റെ സ്വപ്നങ്ങളില്‍  പറയാന്‍ ബാക്കിവച്ച എന്തോ പറയാനായി ഒരു Unknown നമ്പരില്‍ നിന്നും കാളുകള്‍ വരുന്നുണ്ടായിരുന്നു  ....


ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...