Saturday, 30 January 2016

അവള്‍

അവളെക്കുറിച്ച്  പലരും  പറഞ്ഞത് കേട്ട് എനിക്കും കൌതുകമായി  ഒന്ന് കാണാന്‍.

പലരും അവളെക്കുറിച്ച് കഥകളും കവിതകളും എഴുതിയിരുന്നു.

അതൊക്കെ വായിച്ച് അവളെ കാണാനുള്ള പൂതി എന്നില്‍ കൂടിക്കൊണ്ടിരുന്നു.

എന്നും അവള്‍ വരാറുള്ള പലയിടങ്ങളിലും ഞാന്‍ കാത്തു നിന്ന് ഒന്ന് കാണാന്‍, പക്ഷെ കണ്ടില്ല എവിടെയും ...

കണ്ട പലരും കാണാത്ത എന്നോട് അവളെക്കുറിച്ച് വാ തോരാതെ കഥകള്‍ പറഞ്ഞു.

ഒന്ന് കാണാതെ മിണ്ടാതെ അവളെ ഞാന്‍ എങ്ങനെയോ ഇഷ്ട്ടപ്പെട്ടു.

അവളുടെ പേരിലെ വ്യത്യസ്തത ആണോ അതോ അവളെക്കുറിച്ച് ജനം പാടിപ്പുകഴ്ത്തുന്ന കഥകള്‍ കേട്ടിട്ടാണോ ഇല്ല എനിക്കറിയില്ല ഇനിയും...

വീണ്ടും ഞാന്‍ തേടിനടന്നു പലയിടങ്ങളില്‍ എന്നിട്ടും ഒന്ന് കാണാനുള്ള ഭാഗ്യം മാത്രം എനിക്ക് ലഭിച്ചില്ല .

കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതം മുന്നോട്ട് പോയപ്പോഴെപ്പോഴോ ഞാന്‍ മറക്കുകയായിരുന്നു അവളെയും ...

എങ്കിലും മനസ്സിന്റെ ഉള്‍ത്താളുകളിലെവിടെയോ അവളെ കാണണമെന്നുള്ള ആഗ്രഹം ബാക്കി കിടന്നിരുന്നു.

അതാവാം വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മരുഭൂമിയില്‍ വച്ച് എനിക്കവളെ കണ്ടുമുട്ടാന്‍ സാധിച്ചതും.

റൂംമേറ്റായ സല്‍മാന്‍ ആണ് അവളെ എനിക്ക് പരിചയപ്പെടുത്തിയത്.

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ അവളെ  നോക്കിനിന്നു കുറച്ചുനേരം .

പരിചയമില്ലാത്ത എന്നെ കണ്ടിട്ടാവണം അവള്‍ അപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചതും.

പക്ഷെ സല്‍മാന്‍ വിട്ടില്ല അവളെ കടന്നുപിടിച്ചവന്‍ റൂമിന് പുറത്തേക്കെറിഞ്ഞു വാതിലടച്ചുകളഞ്ഞു.

എനിക്കവനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി അപ്പോള്‍ ,

എങ്കിലും എനിക്ക് സന്തോഷമായി വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച അവളെ ഇന്നോരുനോക്ക് കാണാന്‍ സാധിച്ചല്ലോ ...

എങ്കിലും ഒരു സന്തോഷം അപ്പോളും മനസ്സില്‍ ബാക്കി കിടന്നു.

ഇത്രയും സൗന്ദര്യമുള്ള നിനക്കാരാണ് പെണ്ണേ

.
.
.

" മൂട്ട  "

എന്ന് പേരിട്ടത് ....

Wednesday, 13 January 2016

ഡോണട്ട് പറഞ്ഞ കഥ


അവള്‍ ഡയാന്‍ ...
പാവക്കുട്ടിയുടെ മുഖമുള്ള എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന  ഒരു കുഞ്ഞു  സുന്ദരി.

അവളെ ആദ്യമായി കണ്ടത് HR ന്റെയടുക്കല്‍ ഇന്റര്‍വ്യൂവിന് വന്നപ്പോളാണ്.
അന്നായിരുന്നു അവള്‍ക്കും ഇന്റര്‍വ്യൂ.

ഇന്റര്‍വ്യൂവിന് എന്തൊക്കെ ചോദിക്കുമെന്നുള്ള ടെന്‍ഷനിൽ ഞാനിരിക്കുമ്പോളും അവള്‍ ഒരു ടെൻഷനുമില്ലാതെ ഹെഡ്സെറ്റില്‍ പാട്ടും കേട്ട്  തലയനക്കിക്കൊണ്ടിരിക്കുകയായിരുന്നു...

മെഡിക്കലും ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തതും എല്ലാം ഞങ്ങള്‍ ഒരുമിച്ച് ഒരേ ദിവസം ...

അതു കൊണ്ട് തന്നെയായിരിക്കാം അവളുടെ ആദ്യ ഫ്രണ്ടും ഞാനായത്.

അവളെപ്പോഴും എന്നെ ' പെട്രീഷ്യ ' എന്നായിരുന്നു വിളിച്ചിരുന്നത്‌.
പെട്രീഷ്യ ഫിലിപ്പീന്‍സിലെ ഏതോ കാര്‍ട്ടൂണ്‍ കഥാപാത്രമാണ്.
അവൾ പറഞ്ഞത് അതിന് എന്റെ മുഖമാണത്രേ ...

ഡ്യൂട്ടിക്കിടയില്‍ എന്തെങ്കിലും കുഞ്ഞു അബദ്ധം പറ്റിയാല്‍ ഓടിവരുമവള്‍ എന്‍റെ അരുകിലെയ്ക്ക്, എന്റെ കുഞ്ഞനിയത്തിയെപ്പോലെ ചിണുങ്ങിക്കൊണ്ട് .

ഇതൊക്കെയായിരിക്കാം കൂട്ടുകാര്‍ ഞങ്ങളെ തമ്മില്‍ ചേർത്ത് കളിയാക്കാനുള്ള കാരണങ്ങളും ...

മറ്റാരുമറിയാതെപോയ എന്‍റെ ബര്‍ത്ത്ഡേയ്ക്ക് ഒരു സര്‍പ്രൈസ് ആയി ഗിഫ്റ്റ് തന്നതും അവളാണ്. മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ഡോണട്ട് പായ്ക്ക്.

പാണന്മാർക്ക് അറബി നാട്ടിലും പഞ്ഞമില്ലല്ലോ, അവർ അത് പാടി പാടി നടന്നു ഓരോരോ ഡിപ്പാർട്ട്മെന്റുകൾ തോറും ' ഒരു ഡോണട്ട് പറഞ്ഞ പ്രണയ കഥ '

അന്ന് മുതൽ എനിക്ക് ഇവിടൊരു പേര് വീണു 'മിസ്റ്റർ ഡോണട്ട്'

അതാവാം ഞങ്ങളുടെ സൗഹൃദത്തെ അകലങ്ങളിലേയ്ക് വലിച്ചെറിഞ്ഞത്. പരസ്പരം ഞങ്ങള്‍ മിണ്ടാതെയായി. കണ്ടാല്‍ വഴിമാറി നടന്നു ഞങ്ങള്‍ ഇരുവരും.
രണ്ട് മാസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒട്ടും അറിയാത്തവരെപ്പോലെയായി...

ഇന്ന് അവള്‍ റിസൈന്‍ ചെയ്തു പോവുകയാണ് മറ്റൊരിടത്തേയ്ക്ക്.
ഇതൊക്കെ അറിഞ്ഞിട്ടും ഒന്ന് മിണ്ടാന്‍ എനിക്ക് തോന്നിയില്ല, അല്ല... എന്തോക്കെയോ എന്നെ അനുവദിച്ചില്ല.

പക്ഷെ ഇന്ന് അവസാന ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം അവള്‍ എന്‍റെ അടുക്കല്‍ വന്നു.
ഒന്നും മിണ്ടാതെ കുറച്ച് നേരം എന്റെ മുഖത്ത് നോക്കി നിന്നു.

അപ്പോള്‍ ഞാന്‍ കണ്ടത് ഒരു വര്‍ഷം മുമ്പ് HR ഓഫീസിനു മുന്നില്‍ കണ്ട ആ കുഞ്ഞു പാവക്കുട്ടിയുടെ അതേ മുഖമായിരുന്നു.

" പെട്രീഷ്യ ഞാന്‍ പോവുകയാണ് ... ഇനി ... "

എന്തോ പാതി പറഞ്ഞു നിര്‍ത്തി അവള്‍ എന്‍റെ കയ്യിലേയ്ക്ക് ഒരു ബോക്സ്‌ വച്ച് നീട്ടി.

അത് മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ഡോണട്ട് ബോക്സ്‌ ആയിരുന്നു.

അതും എന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു അവള്‍ നടന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ട്...

പറയാൻ എന്തോ ഉള്ളിൽ ഉണ്ടായിരുന്നിട്ടും അപ്പോളും ഞാന്‍ ഒന്നും മിണ്ടിയില്ല ...

രാത്രി അവള്‍ തന്ന ഡോണട്ട് ബോക്സ്‌ തുറന്നപ്പോള്‍ അതിലവള്‍ എഴുതിയിരുന്നു...

" മിസ്സ് യൂ പെട്രീഷ്യ "  ... By ഡയാൻ ...

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...