വർഷങ്ങൾക്ക് ശേഷം മുഖപുസ്തകത്തിൽ അവൾ വീണ്ടുമെഴുതിയിരിക്കുന്നു.
നഷ്ട്ടപ്പെട്ട അവളുടെ പ്രിയപ്പെട്ട പുസ്തകത്തെപ്പറ്റി ...
അവൾക്കറിയില്ല ഇതെഴുതുമ്പോൾ ആ പുസ്തകം എന്റെ നെഞ്ചോട് ചേർന്നിരിപ്പുണ്ടെന്ന്.
ആ പുസ്തകത്തിന്റെ ഓർമ്മകളുമായി പിന്നിലേയ്ക്ക് നടക്കുമ്പോൾ ഞാൻ ചെന്നെത്തുന്നത്
വർഷങ്ങൾക്ക് മുമ്പുള്ള ആ ട്രെയിൻ യാത്രയിലേയ്ക്കാണ് ...
വർഷങ്ങൾക്ക് മുമ്പുള്ള ആ ട്രെയിൻ യാത്രയിലേയ്ക്കാണ് ...
അതെ ഒരു ട്രെയിന്‍ യാത്രയായിരുന്നു എനിക്ക് ആ രണ്ട് കണ്ണുകള്‍ കാട്ടിത്തന്നത്.
ട്രെയിൻ കണ്ണൂര്‍ സ്റ്റേഷനില്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നപ്പോൾ.
പുറത്ത് പെയ്യുന്ന ചെറിയ ചാറ്റല്‍ മഴയും ആസ്വദിച്ചുകൊണ്ട് പ്ലാറ്റ്ഫോമിലേയ്ക്ക് നോക്കിയപ്പോളാണ് അവളുടെ കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത്.
ട്രെയിനിലെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ ഈറനണിഞ്ഞ രണ്ട് കണ്ണുകള്‍.
അച്ഛനോട് യാത്ര പറഞ്ഞവള്‍ ഒരു സ്വപ്നത്തിലെന്നപോലെ വന്നിരുന്നത് എന്റെ സീറ്റിനെതിര്‍വശത്തായിരുന്നു.
ആ നിമിഷം മുതൽ എന്നിലൊരു കാമുകന്‍ നിശബ്ദമായി ജനിക്കുകയായിരുന്നു.
ആ കണ്ണുകൾ എപ്പോഴോ എന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞിരിഞ്ഞിരുന്നു, അതാവാം അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതും.
അപ്പോളും ആ രണ്ട് കണ്ണുകളും നിറഞ്ഞ് തന്നെയിരുന്നു.
എന്നിട്ടും ആ കണ്ണുകളില്‍ നിന്ന് നോട്ടം പിന്‍വലിക്കാന്‍ ആവുമായിരുന്നില്ലെനിക്ക്.
അലസമായി വിദൂരതയിലേയ്ക്ക് നോക്കിയിരുന്നവള്‍ തന്നെ ആരോ ശ്രദ്ധിക്കുന്നുവെന്ന തോന്നലില്‍ നിന്നാവാം ബാഗില്‍ നിന്നൊരു പുസ്തകമെടുത്ത് വായിച്ചുതുടങ്ങിയതും.
ഒരു പക്ഷെ അതൊരഭിനയമായിരുന്നിരിക്കണം, ആരുടെയൊക്കെയോ നോട്ടങ്ങളില്‍ നിന്ന് രക്ഷപെടാന്‍.
ആ കണ്ണുകളിലേയ്ക്ക് നോക്കി നോക്കി എപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോയിയിരുന്നു, ഞെട്ടിയെഴുന്നേറ്റപ്പോള്‍ ട്രെയിന്‍ എറണാകുളം പിന്നിട്ടിരുന്നു.
എതിര്‍വശത്തെ സീറ്റില്‍ അവള്‍ വായിച്ചു പകുതിയാക്കിയ ആ പുസ്തകം മാത്രം ബാക്കിയായിരുന്നു .
ആ മയക്കത്തെ ശപിച്ചു കൊണ്ട് വാതിൽക്കലേയ്ക്ക് പാഞ്ഞടുത്തെങ്കിലും അവളെ വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഭാഗ്യമുണ്ടായില്ലന്ന്.
എന്തോ ആ മുഖം ഒരു യാത്രയില്‍ കണ്ട കുറേ മുഖങ്ങളില്‍ ഒന്നുമാത്രമായിരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.
ആ രണ്ട് കണ്ണുകള്‍ അന്നുമുതലെന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു ഊണിലും ഉറക്കത്തിലും
അവളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷ പിന്നീടാ പുസ്തകമായിരുന്നു.
ആ പുസ്തകത്താളുകള്‍ മറിക്കവേ ആദ്യം കണ്ണുടക്കിയത് മനോഹരമായ കയ്യക്ഷരത്തില്‍ അവൾ കുറിച്ച ജെസ്സി എന്ന പേരാണ്, പിന്നെ പേജുകൾക്കിടയിൽ അവൾ എഴുതിച്ചേർത്ത കുഞ്ഞു കുറിപ്പുകൾ, അടിവരയിട്ട അവൾക്കിഷ്ട്ടപ്പെട്ട വരികൾ അങ്ങനെയങ്ങനെ ...
പിന്നീട് വർഷങ്ങൾക്ക് ശേഷം നോർത്ത് സ്റ്റേഷനിലെ തടി ബെഞ്ചിൽ ഒന്നിച്ചിരുന്നപ്പോൾ അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് ആ പ്രിയപ്പെട്ട പുസ്തകത്തെപ്പറ്റി , അപ്പോഴും എന്റെ ബാഗിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു ആ പുസ്തകം.
മിക്കപ്പോഴും അവൾക്കത് കൊടുത്ത് ഒന്നമ്പരപ്പിക്കണമെന്ന് മനസ്സിൽ കരുതിയാണ് എത്തിയിരുന്നതവിടം വരെ ,
എന്നും സംസാരത്തിനിടയിൽ കടന്നു വരാറുള്ള ആ പുസ്തകം അവൾക്കെത്ര പ്രിയപ്പെട്ടതാണറിഞ്ഞ ഏതോ നിമിഷത്തിൽ തീരുമാനമെടുത്തിരുന്നു, നമ്മളൊന്നിക്കുന്ന ആ ദിനത്തിൽ നമ്മുടെ വിവാഹ രാത്രിയിൽ അത് നിനക്ക് സമ്മാനമായി നൽകണമെന്ന്.
അത് അവൾക്കേറ്റവും വിലപ്പെട്ട സമ്മാനമാവുമെന്നെനിക്കറിയാം, അതിലൂടെ ഞാനവളെ തിരഞ്ഞെത്തിയ വഴികളും എന്റെ മനസ്സും എല്ലാം പറയാതെ അവൾക്ക് മുന്നിൽ തുറക്കപ്പെടും.
അവളുടെ മുഖത്തപ്പോൾ മിന്നി മറയുന്ന സന്തോഷം ആ മടിയിൽ കിടന്നുകൊണ്ടെനിക്ക് കാണണം അതൊക്കെയായിരുന്നു ഉള്ളിലപ്പോൾ.
പക്ഷേ കാലം അതിനൊന്നും അവസരം നൽകാതെ ഞങ്ങളെപ്പിരിച്ചപ്പോൾ അവളുടെ ഓർമ്മകളിൽ ഒന്നായി ഈ പുസ്തകം മാത്രം എനിക്കായി മാറ്റിവച്ചു.
ഇന്നും ആ പുസ്തകത്തിന് അവളുടെ ഗന്ധമാണ്,
തുറക്കുമ്പോൾ അവളുടെ മുഖമതിൽ തെളിയാറുണ്ട്,
ഉത്തരമില്ലാത്ത എന്റെയുള്ളിലെ ചോദ്യങ്ങൾക്ക് അതിൽ അവൾ മറുപടി പറയാറുണ്ട് ,
അതും നെഞ്ചോടു ചേർത്തു പിടിച്ച് കരയാറുള്ളപ്പോൾ അദൃശ്യയായി വന്നവള്‍ എന്റെ കണ്ണുനീരൊപ്പാറുണ്ട്,
അവൾ നഷ്ടപ്പെട്ടതെന്ന സങ്കടത്തോടെ തിരയുന്ന,
അവളിന്നുമറിയാതെ ഞാൻ നിധി പോലെ സൂക്ഷിക്കുന്ന, അവളുടെ ഗന്ധം നിറഞ്ഞ ആ പുസ്തകം...