Tuesday, 31 March 2020

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ "

നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്,

ഇതൊക്കെ കേട്ടാൽ നമ്മൾ  പിന്നെ ആരേയും ഹെൽമറ്റ് വയ്ക്കാൻ വീണ്ടും നിർബന്ധിക്കില്ല,
 
ആ തെറ്റ് ആ വലിയ തെറ്റാണ് ഇന്ന്  ഞാനും ചെയ്തത്.

പിറകിലിരുന്ന അമ്മയ്ക്ക് കൂടി ഞാൻ ഇന്ന്  ഹെൽമറ്റ് വപ്പിച്ചിരുന്നേൽ,

ചോരയിൽ കുളിച്ച് അമ്മ റോഡിൽ കിടക്കില്ലായിരുന്നു,

മണിക്കൂറുകൾ ആശുപത്രി വരാന്തയിൽ ജീവച്ഛവമായി അച്ഛൻ നിൽക്കില്ലായിരുന്നു...

അവസാനം ഡോക്ടറുടെ " Now she is fine"
എന്ന ആശ്വാസവാക്കുകളും കേട്ട് അമ്മയെ റൂമിലേയ്ക്ക് മാറ്റുമ്പോളും ഞാൻ പറഞ്ഞ് കൊണ്ടേയിരുന്നു,

അമ്മയെ ഇന്ന് ഹെൽമറ്റ് വപ്പിച്ചിരുന്നെങ്കിൽ...


Saturday, 20 October 2018

പുസ്തകം

വർഷങ്ങൾക്ക് ശേഷം മുഖപുസ്തകത്തിൽ അവൾ വീണ്ടുമെഴുതിയിരിക്കുന്നു.

നഷ്ട്ടപ്പെട്ട അവളുടെ പ്രിയപ്പെട്ട പുസ്തകത്തെപ്പറ്റി ...
അവൾക്കറിയില്ല ഇതെഴുതുമ്പോൾ ആ പുസ്തകം എന്റെ നെഞ്ചോട് ചേർന്നിരിപ്പുണ്ടെന്ന്.

ആ പുസ്തകത്തിന്റെ ഓർമ്മകളുമായി പിന്നിലേയ്ക്ക് നടക്കുമ്പോൾ ഞാൻ ചെന്നെത്തുന്നത്
വർഷങ്ങൾക്ക് മുമ്പുള്ള ആ ട്രെയിൻ യാത്രയിലേയ്ക്കാണ് ...

അതെ ഒരു ട്രെയിന്‍ യാത്രയായിരുന്നു എനിക്ക് ആ രണ്ട് കണ്ണുകള്‍ കാട്ടിത്തന്നത്.
ട്രെയിൻ കണ്ണൂര്‍ സ്റ്റേഷനില്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നപ്പോൾ.

പുറത്ത് പെയ്യുന്ന ചെറിയ ചാറ്റല്‍ മഴയും ആസ്വദിച്ചുകൊണ്ട് പ്ലാറ്റ്ഫോമിലേയ്ക്ക് നോക്കിയപ്പോളാണ് അവളുടെ കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത്.

ട്രെയിനിലെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ ഈറനണിഞ്ഞ രണ്ട് കണ്ണുകള്‍.
അച്ഛനോട് യാത്ര പറഞ്ഞവള്‍ ഒരു സ്വപ്നത്തിലെന്നപോലെ വന്നിരുന്നത് എന്റെ സീറ്റിനെതിര്‍വശത്തായിരുന്നു.

ആ നിമിഷം മുതൽ എന്നിലൊരു കാമുകന്‍ നിശബ്ദമായി ജനിക്കുകയായിരുന്നു.
ആ കണ്ണുകൾ എപ്പോഴോ എന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞിരിഞ്ഞിരുന്നു, അതാവാം അവളുടെ  കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതും.
അപ്പോളും ആ രണ്ട് കണ്ണുകളും നിറഞ്ഞ് തന്നെയിരുന്നു.
എന്നിട്ടും ആ കണ്ണുകളില്‍ നിന്ന് നോട്ടം പിന്‍വലിക്കാന്‍ ആവുമായിരുന്നില്ലെനിക്ക്.

അലസമായി വിദൂരതയിലേയ്ക്ക് നോക്കിയിരുന്നവള്‍ തന്നെ ആരോ ശ്രദ്ധിക്കുന്നുവെന്ന തോന്നലില്‍ നിന്നാവാം ബാഗില്‍ നിന്നൊരു പുസ്തകമെടുത്ത് വായിച്ചുതുടങ്ങിയതും.
ഒരു പക്ഷെ അതൊരഭിനയമായിരുന്നിരിക്കണം, ആരുടെയൊക്കെയോ നോട്ടങ്ങളില്‍ നിന്ന് രക്ഷപെടാന്‍.

ആ കണ്ണുകളിലേയ്ക്ക് നോക്കി നോക്കി എപ്പോഴോ  ഞാനൊന്ന് മയങ്ങിപ്പോയിയിരുന്നു, ഞെട്ടിയെഴുന്നേറ്റപ്പോള്‍ ട്രെയിന്‍ എറണാകുളം പിന്നിട്ടിരുന്നു.

എതിര്‍വശത്തെ സീറ്റില്‍ അവള്‍ വായിച്ചു പകുതിയാക്കിയ ആ പുസ്തകം മാത്രം ബാക്കിയായിരുന്നു .
ആ മയക്കത്തെ ശപിച്ചു കൊണ്ട് വാതിൽക്കലേയ്ക്ക് പാഞ്ഞടുത്തെങ്കിലും അവളെ വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഭാഗ്യമുണ്ടായില്ലന്ന്.

എന്തോ ആ മുഖം ഒരു യാത്രയില്‍ കണ്ട കുറേ മുഖങ്ങളില്‍ ഒന്നുമാത്രമായിരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.

ആ രണ്ട് കണ്ണുകള്‍ അന്നുമുതലെന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു ഊണിലും ഉറക്കത്തിലും
അവളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷ പിന്നീടാ പുസ്തകമായിരുന്നു.

ആ പുസ്തകത്താളുകള്‍ മറിക്കവേ ആദ്യം കണ്ണുടക്കിയത് മനോഹരമായ കയ്യക്ഷരത്തില്‍ അവൾ കുറിച്ച ജെസ്സി എന്ന പേരാണ്, പിന്നെ പേജുകൾക്കിടയിൽ അവൾ എഴുതിച്ചേർത്ത കുഞ്ഞു കുറിപ്പുകൾ, അടിവരയിട്ട അവൾക്കിഷ്ട്ടപ്പെട്ട വരികൾ അങ്ങനെയങ്ങനെ ...

പിന്നീട് വർഷങ്ങൾക്ക് ശേഷം നോർത്ത് സ്റ്റേഷനിലെ തടി ബെഞ്ചിൽ ഒന്നിച്ചിരുന്നപ്പോൾ അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് ആ പ്രിയപ്പെട്ട പുസ്തകത്തെപ്പറ്റി , അപ്പോഴും എന്റെ ബാഗിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു  ആ പുസ്തകം.

മിക്കപ്പോഴും അവൾക്കത് കൊടുത്ത് ഒന്നമ്പരപ്പിക്കണമെന്ന് മനസ്സിൽ കരുതിയാണ് എത്തിയിരുന്നതവിടം വരെ ,

എന്നും സംസാരത്തിനിടയിൽ കടന്നു വരാറുള്ള ആ പുസ്തകം അവൾക്കെത്ര പ്രിയപ്പെട്ടതാണറിഞ്ഞ ഏതോ നിമിഷത്തിൽ തീരുമാനമെടുത്തിരുന്നു, നമ്മളൊന്നിക്കുന്ന ആ ദിനത്തിൽ നമ്മുടെ വിവാഹ രാത്രിയിൽ അത്  നിനക്ക് സമ്മാനമായി നൽകണമെന്ന്.

അത് അവൾക്കേറ്റവും വിലപ്പെട്ട സമ്മാനമാവുമെന്നെനിക്കറിയാം, അതിലൂടെ ഞാനവളെ തിരഞ്ഞെത്തിയ വഴികളും എന്റെ മനസ്സും എല്ലാം പറയാതെ അവൾക്ക് മുന്നിൽ തുറക്കപ്പെടും.

അവളുടെ മുഖത്തപ്പോൾ മിന്നി മറയുന്ന സന്തോഷം ആ മടിയിൽ കിടന്നുകൊണ്ടെനിക്ക് കാണണം അതൊക്കെയായിരുന്നു ഉള്ളിലപ്പോൾ.

പക്ഷേ കാലം അതിനൊന്നും അവസരം നൽകാതെ ഞങ്ങളെപ്പിരിച്ചപ്പോൾ അവളുടെ ഓർമ്മകളിൽ ഒന്നായി ഈ പുസ്തകം മാത്രം എനിക്കായി മാറ്റിവച്ചു.

ഇന്നും ആ പുസ്തകത്തിന് അവളുടെ ഗന്ധമാണ്, 
തുറക്കുമ്പോൾ അവളുടെ മുഖമതിൽ തെളിയാറുണ്ട്, 
ഉത്തരമില്ലാത്ത എന്റെയുള്ളിലെ ചോദ്യങ്ങൾക്ക് അതിൽ അവൾ മറുപടി പറയാറുണ്ട് , 
അതും നെഞ്ചോടു ചേർത്തു പിടിച്ച് കരയാറുള്ളപ്പോൾ അദൃശ്യയായി വന്നവള്‍ എന്റെ കണ്ണുനീരൊപ്പാറുണ്ട്,

അവൾ  നഷ്ടപ്പെട്ടതെന്ന സങ്കടത്തോടെ തിരയുന്ന, 


അവളിന്നുമറിയാതെ ഞാൻ  നിധി പോലെ സൂക്ഷിക്കുന്ന, അവളുടെ ഗന്ധം നിറഞ്ഞ ആ പുസ്തകം...

Friday, 31 March 2017

ഈയാം പാറ്റകൾ




" നമ്മുടെ പ്രിയപ്പെട്ടവരൊക്കെ പറയുന്ന ' ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം ' എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ടെന്ന് ജീവിതം കണ്ണീരോടെ, നടുക്കത്തോടെ ഓർമിപ്പിക്കാറുണ്ട് ചിലപ്പോഴൊക്കെ "


ഇത് വായിച്ച് വർഷങ്ങൾ പിന്നോട്ട് നടക്കുമ്പോൾ ഇന്നുമെന്നെ വേട്ടയാടുന്ന ഒന്നുണ്ട് ...


                                    *          *          *          *          *


ഫോണെടുത്തയുടനെ അവൾ കരയുകയായിരുന്നു,

കാര്യമന്വേഷിച്ചപ്പോൾ എന്നോടെന്തൊക്കെയോ സംസാരിക്കണം എന്നാണ് പറഞ്ഞത്.

ഡ്യൂട്ടിയിലാണ്, തിരക്കാണ് പിന്നെ തിരികെ വിളിക്കാം എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോളും വിളിക്കാൻ മറക്കരുതെന്നെ അവളുടെ ശബ്ദം കാതിൽ മുഴങ്ങിക്കേട്ടിരുന്നു.

പതിവ് തിരക്കിനിടയിൽ അതൊക്കെ ഞാൻ മറന്നു,

അന്ന് തിരികെ വിളിച്ചതേയില്ല.

അവൾ ഒരുപാട് കാത്തിരുന്നിട്ടുണ്ടാകും എന്റെ വിളിക്കായി എന്നോടെന്തൊക്കെയോ പറയാനായി,

പിറ്റ്യേന്ന് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതും അവളുടെ ഫോൺ വിളിയായിരുന്നു. അപ്പോഴുമവൾ പറഞ്ഞത് എന്നോട് സംസാരിക്കണമെന്നായിരുന്നു.

ഉറക്കപ്പിച്ചിൽ തിരികെ വിളിക്കാം എന്ന പതിവ് മറുപടിയിൽ കോൾ വയ്ക്കുമ്പോളും കേട്ടത് തിരികെ വിളിക്കാൻ മറക്കരുതേയെന്ന് മാത്രമായിരുന്നു .

മണിക്കൂറുകൾക്ക് ശേഷം മരണത്തോട് മല്ലടിക്കുന്ന അവളുടെ അരികിൽ നിൽക്കുമ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പായിരുന്നു.

ഒന്ന് തിരികെ വിളിച്ചിരുന്നെങ്കിൽ അവൾക്ക് പറയാനുള്ളത് കേട്ടിരുന്നെങ്കിൽ ഒരു പക്ഷേ ...

അതിനിടയിലെപ്പോഴോ കണ്ടു അദൃശ്യമായി ICU വിന് ചുറ്റും പറക്കുന്ന ഈയാംപാറ്റകളെ, അതിലൊന്നിന് അനിയത്തിക്കുട്ടിയുടെ മുഖമുണ്ടായിരുന്നത് പോലെ ...

കരഞ്ഞ് പ്രാർത്ഥിച്ച മണിക്കൂറുകൾക്കവസാനം

"Now she is fine "

എന്ന ഡോക്ടറുടെ ശബ്ദം കാതിൽ ശ്രവിച്ചപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു,

അത്രയും നേരം ICU വിന് മുന്നിൽ വട്ടമിട്ട് പറന്നിരുന്ന മരണത്തിന്റെ മുഖമുള്ള ഈയാംപാറ്റകൾ അകത്തേയ്ക്ക് കയറാതെ തിരികെപ്പോവുന്നത്...

Thursday, 30 March 2017

വൈഷ്ണവി


വൈഷ്ണവി ...

 വേൾഡ് ട്രേഡ് സെൻറർ മെട്രോ സ്റ്റേഷന് വെളിയിൽ വച്ചാണ് ആദ്യമായും അവസാനമായും അവളെ കണ്ടത്.

 കുഞ്ഞിപ്പൊട്ടും ചന്ദനക്കുറിയും ചുണ്ടിൽ പാൽപ്പുഞ്ചിരിയുമായി,

യൂണിയനിലേയ്ക്ക് പോകുന്ന മെട്രോയെക്കുറിച്ചറിയണം അതാണ് എന്നോട് അന്വേഷിച്ചത്.

തമിഴ് ചുവയുള്ള ഇംഗ്ലീഷിലാണവൾ സംസാരിച്ചത്, അതാണ് തമിഴാണോയെന്ന് ഞാൻ ചോദിച്ചതും.

 " അല്ല പാലക്കാടാ , പേര് വൈഷ്ണവി ദുബായിലാദ്യായിട്ടാ ഞാൻ ഇന്നലെ വന്നേയുള്ളൂ, "

അകത്തേയ്ക്ക് നടന്ന് എസ്കലേറ്റർ ചൂണ്ടിക്കാട്ടി വഴി പറഞ്ഞു കൊടുത്ത് ഞാൻ തിരികെ നടന്നു.

വാതിൽക്കലെത്തി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു, അതിൽ കയറാതെ ഓരോരുത്തരും കയറുന്നതും നോക്കിക്കൊണ്ട് പേടിച്ച് അവൾ അവിടെത്തന്നെ നിൽക്കുന്നത്.

ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അരികിൽ ചെന്നു.

 " ചിരിക്കണ്ടാ... ഞാനീ സാധനമൊക്കെ സിനിമേലേ കണ്ടിട്ടുള്ളൂ , നിക്ക് പേടിയാ ഇതിലിങ്ങനെ കയറാൻ "

അതിനുള്ള മറുപടിയെന്നോണം ഒന്നും മിണ്ടാതെ അവളുടെ കൈയിൽ പിടിച്ച് ഞാൻ എസ്കലേറ്ററിലേക്ക് കയറ്റി.

 എന്തോ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ്സിൽ തോന്നിയതും പ്രവർത്തിച്ചതും. മുകളിലെത്തുന്നവരെ കുഞ്ഞുകുട്ടിയെപ്പോലെ എന്റെ കൈയിൽ മുറുകെപ്പിടിച്ചു നിന്നു.

 പ്ലാറ്റ്ഫോമിലേക്ക് നടക്കവേ ചോദിച്ച ചോദ്യത്തിന് ചോദിക്കാത്ത നൂറുത്തരങ്ങളുമവൾ തന്നു.

 ചിറ്റൂരിലെ അമ്പലത്തിലെ പൂജാരിയായിരുന്ന അപ്പാവെക്കുറിച്ച്, 

അപ്പാവുടെ മരണശേഷം ഒറ്റപ്പെട്ട അമ്മാവെക്കുറിച്ച്,

 പഠിക്കാൻ മിടുക്കിയായ അനിയത്തിയെക്കുറിച്ച്.

 തന്റെ സ്വപ്നങ്ങൾക്ക് ചിറക് വീശാൻ ജോലി തേടി ദുബായിലെത്തിയതിനെക്കുറിച്ച്,

 പിന്നേയുമെന്തൊക്കെയോ ...

" ഇതിപ്പോ എവിടാ ഈ ടിക്കറ്റെടുക്കണേ "

 അതിനുത്തരമായി പോക്കറ്റിലിരുന്ന മെട്രോ കാർഡെടുത്ത് അവളുടെ കൈയിൽ കൊടുത്ത് ഞാൻ തിരികെ നടന്നു.

 പിന്നിൽ നിന്നവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി .

 " ഈ കാർഡ് ഇത് ഞാനെങ്ങനാ തിരികെത്തരണേ "

 " ഇനിയെന്നെങ്കിലും ഈ മെട്രോയിൽ വച്ച് നമ്മൾ കാണുകയാണെങ്കിൽ അന്ന് തന്നാൽ മതി "

 വീണ്ടും പിന്നിൽ നിന്ന് ശബ്ദം കേട്ടു,

 " പേര് ... "

 തിരിഞ്ഞ് നോക്കി പേര് പറയാനാഞ്ഞ എന്നെ മറ്റാരോ തടഞ്ഞത് പോലെ, 

ഒരു ചെറുപുഞ്ചിരി ഉത്തരമായി നൽകി ഒറ്റ നടത്തമായിരുന്നു പിന്നെ ...

 ഇന്ന് 22 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.

 പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല,

ഇനി കാണുമോയെന്നുമറിയില്ല,

 എങ്കിലും വെറുതേ നോക്കാറുണ്ട് ആൾക്കൂട്ടത്തിനിടയിലൊക്കെ... 

ചിലപ്പോൾ അവളും തിരയുന്നുണ്ടാവുമെന്നേയും ...

Friday, 9 December 2016

1991 ഒക്ടോബര്‍ 17



1991 ഒക്ടോബര്‍ 17

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ രാത്രിയിലാണ് ഞാന്‍ ഒറ്റയ്ക്കായത്.

അല്ല  എന്നെ തനിച്ചാക്കി അവര്‍ മൂന്ന് പേരും പോയത്.

അച്ഛന്‍ അമ്മ ചേച്ചി ...

ആ രാത്രി ഇന്നും മനസ്സിലുണ്ട്.

എന്നത്തേയും പോലെ അമ്മയേയും കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന ഞാന്‍ തെരുതെരെ പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദം കേട്ടാണുണര്‍ന്നത്‌.

പാതിയുറക്കത്തില്‍ മിഴിച്ചിരുന്ന ഞാനും ചേച്ചിയും ഇതിനിടയിലെപ്പൊഴോ കേട്ടു അമ്മയുടെ  നിലവിളിയും .

മുറിയിലേയ്ക്ക് ഓടിയെത്തിയ  അമ്മയുടെ വസ്ത്രങ്ങളിലും ദേഹത്തുമെല്ലാം രക്തം പുരണ്ടിരുന്നു.

കരയാനാഞ്ഞ എന്‍റെ വായ പൊത്തി മിണ്ടരുതെന്ന് ആംഗ്യം കാട്ടി കുഞ്ഞിത്തുണി കൊണ്ട് വായ മൂടിക്കെട്ടി അലമാരക്കുള്ളിലെന്നെ ഇരുത്തി ഉമ്മകള്‍ കൊണ്ട് മൂടുമ്പോള്‍ അമ്മ കരയുകയാരുന്നു.

" അമ്മേടെ നല്ല കുട്ടിയല്ലേ ഇവിടെ അനങ്ങാതിരിക്കണം "

പിന്നെയുമെന്തൊക്കെയോ അമ്മ പറഞ്ഞു ഒന്നും ഓര്‍മ്മയില്ല.

തുണികള്‍ കൊണ്ടെന്നെ മൂടി അലമാര അടയ്ക്കുന്നതിന് മുമ്പായി ഒരു മിന്നായം പോലെ കണ്ടു ചേച്ചിയേയും അമ്മയേയും അവസാനമായി .

മുമ്പ് കേട്ട ശബ്ദങ്ങള്‍ വീണ്ടും കേട്ടു കൂടെ പതിഞ്ഞ ഞരക്കങ്ങളും, മുറിക്കുള്ളില്‍ ആരുടെയൊക്കെയോ കാലടി ശബ്ദങ്ങളും.

ഓര്‍മ്മ വരുമ്പോള്‍ ഞാനേതോ ആശുപത്രിയിലായിരുന്നു.ചുറ്റും അച്ഛനെപ്പോലെ കാക്കി ധരിച്ച കുറച്ചു പോലീസുകാരും. അതിനിടയിലേയ്ക്ക് അച്ഛനുമമ്മയെയും തേടി കണ്ണുകള്‍ തിരഞ്ഞുവെങ്കിലും ആരെയും കണ്ടില്ല.

അച്ഛനോടൊപ്പം എപ്പോളും വീട്ടില്‍ വരാറുള്ള പോലീസ് മാമനോടൊപ്പമാണ് വീട്ടിലേയ്ക്ക് അവസാനമായി പോയത്. അവിടെ ഹാളിലെ തറയില്‍ എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നത് എല്ലാം ഓര്‍മ്മയില്‍ ഇന്നുമുണ്ട്.

പിന്നീടുള്ള താമസം മുംബയിലെ ആ ഓര്‍ഫണണേജില്‍.

അവിടെവച്ചെപ്പോഴോ അറിഞ്ഞു ഇനിയൊരിക്കലും വരാനാവാത്ത ദൂരത്തേയ്ക്കാണ് അച്ഛനുമമ്മയും  ചേച്ചിയും പോയതെന്ന്.

ദത്തെടുക്കാന്‍ വന്നവരുടെ ഇടയില്‍ നിരത്തി നിര്‍ത്തിയ കുട്ടികളുടെ ഇടയില്‍ നിന്നെന്നെ തിരഞ്ഞെടുത്ത ആ അമ്മയാണ് ഇന്നെന്‍റെ അമ്മ .

അന്ന് മുതല്‍ പുതിയൊരു അച്ഛനുമമ്മയും എന്നെത്തേടി വന്നു .കുറച്ച് നാളുകള്‍ക്ക് ശേഷം ഞങ്ങളിലേയ്ക്ക് ഒരു കുഞ്ഞനിയത്തിയും .

മുംബൈയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കാണാത്തതും കേള്‍ക്കാത്തതുമായ പലതും ഇവിടെ  ഈ പച്ച പുതച്ച മണ്ണില്‍ അറിഞ്ഞ് തുടങ്ങുകയായിരുന്നു.

നാളിത് വരെ എന്നോട് പറഞ്ഞിട്ടില്ല ആരും ഞാനൊരു ദത്തുപുത്രനാണെന്ന് പക്ഷെ എനിക്കറിയാമെല്ലാം .

ഒരു കുഞ്ഞനിയത്തി ഞങ്ങളുടെ ഇടയിലേയ്ക്ക് വന്നപ്പോള്‍ ആദ്യം ഭയമായിരുന്നു . അതിന് കാരണം വായിച്ച  കഥകളും കണ്ട ചിത്രങ്ങളുമായിരുന്നു .

പേടിച്ചത്പോലെ ഒന്നുമുണ്ടായില്ല എന്നോടുള്ള  ഇഷ്ട്ടം  കൂടിയിട്ടേയുള്ളൂ  ഈ  നിമിഷം വരെ.

എങ്കിലും  ഉറക്കം വരാത്ത ചില രാത്രികളില്‍ ചേച്ചിയും അമ്മയും അച്ഛനും വരാറുണ്ട്  എന്നെ കാണാന്‍ .അമ്മ മുടിയിഴകള്‍ തലോടി ഇരിക്കാറുണ്ടെന്നരികില്‍ , നിശബ്ദമായി  എന്നോടെന്തൊക്കെയോ സംസാരിക്കാറുണ്ട് .

ഇന്നും തെളിയിക്കപ്പെടാത്ത ഒട്ടനവധി കേസ് ഫയലുകള്‍ക്കിടയിലെവിടെയോ ചിതലരിപ്പിച്ച് കിടപ്പുണ്ടാകും ഒരിക്കല്‍ മുംബൈ നഗരത്തെ ഞെട്ടിച്ച പോലീസ് ഓഫീസറടേയും കുടുംബത്തിന്‍റെയും ... അല്ല എന്‍റെ  അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൊലപാതകത്തിന്‍റെ ചുരുളുകള്‍ തേടി പാതിവഴിയിലെവിടെയോ ഉപേക്ഷിച്ച ആ ഫയലും ...


Friday, 5 August 2016

ജെസ്സി

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

അതിലൊരു  മഴത്തുള്ളിയാണ് ജനല്‍ക്കമ്പികൾക്കിടയിലൂടെ വന്നെത്തി നിദ്രയില്‍ നിന്നുണര്‍ത്തിയത്.
ഉറക്കച്ചടവില്‍ പാതിതുറന്ന കണ്ണുകള്‍ പുറത്തേയ്ക്ക് പായിച്ചു.

ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേയ്ക്ക് അടുക്കുകയാണ്.
പതിയെ വാതിലിനരികിലേയ്ക്ക് നടന്നു, 
മിഴികൾ എന്നിലേയ്ക്കടുത്തുകൊണ്ടിരുന്ന നോർത്ത് സ്റ്റേഷനിലേയ്ക്കും.
മനസ്സിലേയ്ക്ക് പലതും ഓടിയെത്തുന്നു, ഇറങ്ങണ്ട സ്റ്റേഷന്‍ ഇതല്ല എന്നിട്ടും ഇവിടെയിറങ്ങാന്‍ ആരോ മനസ്സില്‍ മന്ത്രിക്കുന്നത് പോലെ.
ഈ സ്റ്റേഷനിലെ ഓരോന്നിനും പറയാനുണ്ടാവും വര്‍ഷങ്ങളുടെ കഥകളും പരിഭവങ്ങളും, 

പിന്നെ ചോദിക്കാനുണ്ടാകും  അവളെക്കുറിച്ചും,

ഇവിടം കടന്നു പോകുന്ന ഓരോ തീവണ്ടികളുടേയും ചൂളം വിളികള്‍ക്കിടയിലും അവളുണ്ട് അവളുടെ ഓര്‍മ്മകളുണ്ട്.

പാദങ്ങള്‍ വീണ്ടുമെന്നെ മുന്നോട്ട് നയിച്ചു ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ആ പഴഞ്ചന്‍ തടിബെഞ്ചിനരികിലെത്തിച്ചു.

ഇതിലാണ് ആദ്യമായി അവളെക്കാത്തിരുന്നത് , പിന്നീട്  എന്നും ഞങ്ങൾ ഒരുമിച്ചിരുന്നതും.
പ്രണയിക്കാന്‍ പലരും പാര്‍ക്കുകള്‍ തേടിപ്പോകുമ്പോള്‍ ഈ തടിബെഞ്ചിലെ പ്രണയത്തിന്റെ ലഹരി അറിയിച്ചത് അവളാണ്.

സൗഹൃദത്തിന്റെ വാതിലില്‍ നിന്ന് മാറി അവൾ എന്നോടാദ്യമായി പ്രണയം തുറന്ന് പറഞ്ഞതും ഇവിടെയിരുന്നാണ്.
അതൊക്കെയാവാം ഇവിടം നമ്മളേറെ ഇഷ്ട്ടപ്പെട്ടതും.

ബെഞ്ചിന്റെ ഒരരികത്തായി അന്നെപ്പോഴോ ഞങ്ങൾ കുറിച്ചിട്ട പേരുകള്‍ പകുതിയിലേറെയും മാഞ്ഞുപോയിരിക്കുന്നു,

ഓര്‍മ്മയുണ്ടോ എന്‍റെ പേര് നീയും നിന്‍റെ പേര് ഞാനുമാണിതില്‍ കൊത്തിയത്.

ആ പേരുകള്‍ക്ക് മുകളില്‍ കൈ കോര്‍ത്തുപിടിച്ചായിരുന്നു നമ്മളെന്നുമിരിക്കാറുണ്ടായിരുന്നത്.
ഇന്ന് ഞാനിരിക്കുന്നതും അങ്ങനെയാണ്, കൈ കോര്‍ത്തു നീയും ഒപ്പമുണ്ടെന്നു വെറുതെയെങ്കിലും വിചാരിച്ചുകൊണ്ട് .

കാലങ്ങള്‍ കൊഴിഞ്ഞ് പോകുന്നതിനോപ്പം നമ്മളെഴുതിയ അക്ഷരങ്ങള്‍ക്കും ഇവിടെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
ഓര്‍മ്മകള്‍ക്ക് മീതെ പലതും നാം മറന്നുതുടങ്ങിയത് പോലെ ഇതിനും,

കൂട്ടത്തില്‍ വേഗത്തില്‍ അവ്യക്തമായിപ്പോകുന്നത് എന്‍റെ പേരെഴുതിയ അക്ഷരങ്ങല്‍ക്കാണ്.
നിന്‍റെ ഹൃദയത്തിൽ നിന്ന് ഇന്ന് എന്നുടെ ഓര്‍മ്മകള്‍ പതിയെ മായ്ക്കപ്പെടുന്നതുപോലെ .

കുറച്ചേറെ നിന്‍റെ ഓര്‍മ്മകള്‍ ഇന്നും എന്‍റെയുള്ളില്‍ നിലനില്‍ക്കുന്നതുകൊണ്ടാണോ എന്നറിയില്ല ജെസ്സി എന്ന രണ്ടക്ഷരം അധികം മായാതെ ഇതില്‍ ഇപ്പോളുമുള്ളത്.
പോകുന്നതിന് മുമ്പായി നിന്റെ പേരിന് അല്പം കൂടി തിളക്കം കൂട്ടിയിട്ടുണ്ട്, മനസ്സിലെ മായാന്‍ തുടങ്ങിയ ഓര്‍മ്മകള്‍ക്കും.

ബെഞ്ചിലിരുന്ന് ചുറ്റും നോക്കുമ്പോൾ ഒന്നൊഴിച്ചെല്ലാം പഴയതുപോലെ തന്നെയുണ്ടിവിടെ അത്...  അത്...  നീ മാത്രമാണ്.

മഴയുടെ ശക്തി വീണ്ടും കൂടിയിരിക്കുന്നു,
പതിയെ എഴുന്നേറ്റു നടന്നു മുന്നോട്ട് ട്രെയിൻ ലക്ഷ്യമാക്കി, ഇനിയുമൊരുനാൾ ഇവിടേയ്ക്ക് നിന്‍റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി വരുമെന്ന് ഉറപ്പിച്ച് .

വീണ്ടുമൊരിക്കൽക്കൂടി തിരികെ  നോക്കുമ്പോള്‍ കണ്ടു ഒരു RPF കാരന്‍ ആ ബെഞ്ചിലെ അക്ഷരങ്ങളിലേയ്ക്ക് നോക്കുന്നത് ഇടയ്ക്ക് എന്‍റെ മുഖത്തേയ്ക്കും.

ആ മഴയുള്ള രാത്രിയിലും നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു, അയാളത് മായ്ച്ചു കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ഇല്ല അതിനയാള്‍ക്ക് കഴിഞ്ഞില്ല ...

എന്‍റെ മുഖത്തേയ്ക്കും ആ അക്ഷരങ്ങളിലേയ്ക്കും ഒന്നുകൂടി നോക്കി അയാള്‍ നടന്നകന്നു .

അപ്പോള്‍ കണ്ണുകളില്‍ ഒരു കുഞ്ഞു ജലാശയം ഉടലെടുത്തതിനാലാവാം കുറച്ചുനേരം ചുറ്റുമുള്ളതെല്ലാം അവ്യക്തമായി തോന്നിയതും,
കാലുകള്‍ക്ക് ചലനശേഷി നഷ്ട്ടപ്പെട്ടതുപോലെ അതെന്നെ ഈ സ്റ്റേഷനില്‍ തന്നെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു പോലെ.

എനിക്ക് പോകേണ്ടിയിരുന്ന ട്രെയിന്‍ മുന്നോട്ട് ചലിച്ചുതുടങ്ങിയിരുന്നു.
ട്രെയിനിലേയ്ക്ക് തിരികെ കയറണമെന്നുണ്ടായിരുന്നെങ്കിലും ചില ഓര്‍മ്മകളുടെ ചങ്ങല പിറകിലേയ്ക്ക് വലിച്ചു .....

Thursday, 14 April 2016

ഒരു വിഷു ദിനത്തിന്‍റെ ഓര്‍മ്മയ്ക്ക്‌



അപ്പുറത്തെ വീടുകളില്‍ പടക്കം പൊട്ടുന്നതും കണ്ട് കൊതിയോടെ കാത്തിരുന്നിട്ടുണ്ട് ഞാനും അനിയത്തിയും.

അച്ഛന്‍ വാങ്ങിക്കൊണ്ട് വരാമെന്ന് പറഞ്ഞ് പോയ പടക്കങ്ങള്‍ക്കും പലഹാരങ്ങള്‍ക്കുമായി ...

ആ കാത്തിരിപ്പിനിടയില്‍ അനിയത്തി ഇടയ്ക്കിടയ്ക്ക് ചോദിച്ചുകൊണ്ടേയിരിക്കും

" അച്ഛനെന്താ ഇതുവരെ വരാത്തേ "

" ഇപ്പൊ വരുമെടാ, അവിടെ പടക്കക്കടയില്‍ നല്ല തിരക്കായിരിക്കും അതാ.

സമയം കടന്നുപോയ്ക്കൊണ്ടേയിരുന്നു.

അയല്‍പ്പക്കത്തെ വീടുകളെല്ലാം എല്ലാം കഴിഞ്ഞു വിളക്കുകള്‍ അണച്ചിരുന്നു.

സമയം പത്ത് കഴിഞ്ഞിട്ടും ഉടന്‍ വരാമെന്ന് പറഞ്ഞ് പോയ അച്ഛന്‍ മാത്രം വന്നില്ല .

ചോറ് കഴിക്കാന്‍ അമ്മ പലവട്ടം വിളിച്ചിട്ടും ഉമ്മറപ്പടിയില്‍ നിന്ന് ഞങ്ങള്‍ രണ്ടും അനങ്ങിയില്ല.

പടക്കം പൊട്ടിച്ച് അച്ഛനോടൊപ്പമേ കഴിക്കൂ എന്ന വാശിയിലാരുന്നു ഞങ്ങള്‍.

കാത്തിരുന്നു കാത്തിരുന്നു അനിയത്തി എപ്പോളോ ഉറങ്ങിപ്പോയി.

അമ്മ കണി ഒരുക്കുന്നതിന്റെം നാളത്തേക്കുള്ള വിഷുവിന്റെ വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു .

അപ്പോഴും വാതില്‍പ്പടിയില്‍ പടക്കങ്ങളും കൊണ്ടുവരുന്ന അച്ചനെക്കാത്ത് ഞാനിരുന്നു.

ഉറക്കച്ചടവിനിടയില്‍ എപ്പോഴോ ഒരു ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു ഞാന്‍ റോഡിലേയ്ക്ക് നോക്കി.

രണ്ട് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് അച്ഛനെ താങ്ങിപ്പിടിച്ച് കൊണ്ട് വരുന്നത് കണ്ട് പേടിച്ച് ഞാന്‍ അമ്മയെ വിളിച്ചു.

" അമ്മാ ദാ അച്ഛന്‍ "

" ഏയ്‌ പേടിക്കാനൊന്നുമില്ല മോന്‍റെ അച്ഛന്‍ ഇന്ന് കഴിച്ചത് അല്‍പ്പം കൂടിപ്പോയി അത്രേയുള്ളൂ ..."

എന്ന് പറഞ്ഞ് അച്ഛനെ പൂമുഖത്താക്കി അച്ഛന്റെ കൂട്ടുകാര്‍ പോയി.

അച്ഛന് അന്നെന്തോ ഒരു പ്രത്യേക മണമായിരുന്നു.

അമ്മയും ഞാനും ചേര്‍ന്ന് എങ്ങനെയോ അച്ഛനെ അകത്തെ മുറിയില്‍ കൊണ്ട് കിടത്തി.

" അമ്മാ അച്ഛനെന്താ പറ്റിയേ ? ഞങ്ങള്‍ടെ പടക്കം ... "

" ഏയ്‌ അച്ഛനോന്നുമില്ലെടാ ,പിന്നെ പടക്കം നാ ... ളെ ... അമ്മ ... വാ...ങ്ങിത്തരാട്ടോ ... "

അമ്മ അതുപറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.

ആ രാത്രി ഞങ്ങളാരും ഉറങ്ങിയില്ല.

രാത്രി മുഴുവന്‍ അമ്മ എന്നേം അനിയത്തിയേയും കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു, കൂടെ ഞങ്ങളും.

അപ്പോഴും ദൂരെയെവിടെയോക്കെയോ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു...

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...