എന്നാണു അവളെ ആദ്യമായി കണ്ടെത്, ഇല്ല ഓര്‍മ്മയില്ല.
അന്നും പതിവ് പോലെ എണീറ്റപ്പോള്‍ താമസിച്ചു.
കുളിച്ചൊരുങ്ങി താഴെയെത്തിയപ്പോളെക്കും കമ്പനി വണ്ടി പോയിരുന്നു.
ടാക്സിയില്‍ പോകണമെന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും
പത്തു ദിര്‍ഹം ടാക്സിയ്ക്ക് കളയാന്‍ എന്നിലെ പിശുക്കന്‍ എന്നെ അനുവദിച്ചില്ല.
അങ്ങനെ നടന്നുപോകവേയാണ് ഞാന്‍ കണ്ടത്.
അബുഷഗാര പാര്‍ക്കിനടുത്തുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ തല ചാരിയിരിക്കുന്ന ആ അറബു സുന്ദരിയെ.
പിന്നീട് വൈകി വരുന്ന ഓരോ ദിവസവും അവിടെയെത്തുമ്പോള്‍ കണ്ണുകള്‍ അറിയാതെ അവിടെയ്ക്ക് ഒന്നൊളിഞ്ഞു നോക്കും.
ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ അവളെന്നുമുണ്ടായിരുന്നു ആരെയോ കാത്തിരിക്കുന്ന പോലെ ,ദൂരേയ്ക്ക് മിഴികള്‍ നട്ടുകൊണ്ട്.
പിന്നീടെപ്പോഴോ വൈകിവരല്‍ ശീലമാക്കിയതും അവള്‍ക്ക് വേണ്ടിയായിരുന്നു.
എന്നുതൊട്ടോ അവള്‍ എന്നേയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
ഇന്ന് പെട്ടെന്ന് പ്രഭാതമാകാന്‍ എന്നും ഞാന്‍ കൊതിക്കുന്നുവെങ്കില്‍ അവളുടെ മൊഞ്ചുള്ള ആ മുഖത്തെ കണി കാണാനാണ്.
വെളുപ്പിന് ഇളം ചൂടുള്ള ഉഷ്ണക്കാറ്റടിച്ച് അവളുടെ സ്വര്‍ണ്ണത്തലമുടികള്‍ പാറിപ്പറക്കുമ്പോള്‍ തട്ടം നേരെയാക്കി എന്നും എനിക്ക് സമ്മാനിക്കാറുള്ള ആ പുഞ്ചിരി കാണുവാനാണ്.
ഇന്നെന്‍റെ പ്രഭാതങ്ങള്‍ ഇവള്‍ക്ക് വേണ്ടി മാത്രമാകുന്നു.
സ്വര്‍ണ്ണത്തലമുടിയും പവിഴക്കണ്ണുകളുമുള്ള എന്‍റെ ആ രാജകുമാരി
മെഹ്റിന്‍.
* * * * * * * * * *
മെഹ്റിന്‍ അതായിരുന്നു അവളുടെ പേര്.
ഇരുണ്ട സ്വപ്നങ്ങള്‍ മാത്രം കണ്ടിരുന്ന എന്നെ നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച എന്‍റെ സുല്‍ത്താന.
പലപ്പോഴും വൈകുന്നേരങ്ങളില്‍ ഞാന്‍ അബു ഷഗാര പാര്‍ക്കിന്‍റെ തെക്കേ അറ്റത്തെ ആ ബെഞ്ചില്‍ പോയി ഇരിക്കാറുണ്ട് അവളെ ഒന്നുകൂടി കാണാന്‍. അവിടെയിരുന്നാല്‍ ഫ്ലാറ്റും ആ ബാല്‍ക്കണിയും കാണാം.
പക്ഷെ ഇത്ര ദിവസങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും വൈകുന്നേരങ്ങളില്‍ അവളെ ബാല്‍ക്കണിയില്‍ ഞാന്‍ കണ്ടില്ല. എങ്കിലും ഒന്നുകൂടി കാണാനുള്ള കൊതികൊണ്ട് പ്രതീക്ഷയോടെ ഓരോ സായാഹ്നവും ഞാന്‍ തള്ളി നീക്കി.
ഒന്ന് മിണ്ടാതെ അടുത്ത് കാണാതെ കണ്ണുകള്‍ കൊണ്ട് ചില നോട്ടങ്ങള്‍ കൊണ്ടും പ്രണയിക്കുകയായിരുന്നു ഞങ്ങള്‍.
പരസ്പരം സംസാരിച്ചിരുന്നത് കണ്ണുകള്‍ കൊണ്ടായിരുന്നു
അവളുടെ ഓരോ മിഴിയനക്കങ്ങളും ഓരോ വാക്കുകളായിരുന്നു.
ഒരിക്കല്‍ അല്‍പ്പം താമസിച്ച് വന്നത് കാരണം ഒന്ന്നോക്കി ചിരിച്ചിട്ട് ഓടിയ എന്നോട് പരിഭവം തീര്‍ത്തത് മൂന്ന് ദിവസം കണ്ണുകൾ കണ്ടില്ലെന്നു നടിച്ച് തല ചരിച്ച് ദേഷ്യത്തില്‍ ഇരുന്നാണ്.
അങ്ങനെയങ്ങനെ എപ്പോഴൊക്കെയോ ഞാന്‍ അവളിലെ കുറുംമ്പിയെയും പ്രണയിനിയെയും ഒക്കെ തിരിച്ചറിയുകയായിരുന്നു.
നാളുകള്‍ കൊഴിയവേ ഞങ്ങളിലെ പ്രണയം വളര്‍ന്നു അകലാനാകാത്ത വിധം. അങ്ങനെയിരിക്കെ അന്ന് വിരലുകളാല്‍ എന്‍റെ നമ്പറും കൈമാറി.
അന്ന് മുഴുവന്‍ അവളുടെ വിളിയും കാതോര്‍ത്ത് ഞാന്‍ ഇരുന്നു. ഇല്ല ഒരു കാളും വന്നില്ല.
പിറ്റേന്ന് പ്രഭാതത്തില്‍ ബാല്‍ക്കണി ശൂന്യമായിരുന്നു.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ അവളുടെ പുഞ്ചിരിയും ആ പവിഴക്കണ്ണുകളും കാണാതെയുള്ള ആദ്യ പ്രഭാതം.
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ഒരോട്ടമായിരുന്നു പാര്‍ക്കിന്നരുകിലെയ്ക്ക്. ഇല്ല ബാല്‍ക്കണി വാതില്‍ അടഞ്ഞു തന്നെ കിടന്നിരുന്നു.
രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ എപ്പോഴോ ഫോണ്‍ ശബ്ധിച്ചു.
ചാടിപ്പിടഞ്ഞെഴുന്നേറ്റു ഫോണ്‍ ചെവിലമര്‍ത്തി ഹലോ മൂളവേ,
മറുതലക്കല്‍ നിന്ന് ഞാന്‍ കേട്ടു ഒരു മധുരമാര്‍ന്ന പെണ്‍ സ്വരം.
" അസ്ലാമു അലൈക്കും "
"വാ അലൈക്കും അസ്ലാം "
" ജി കൈസേ ഹോ "
" മേ ഠീക് ഹും ആപ് .... "
" എന്നെ മനസിലായോ "
" ഇല്ല ... "
" പ്രഭാതങ്ങളില്‍ താങ്കള്‍ എന്നും കാണാറുള്ള ആ രണ്ട് കണ്ണുകളുടെ ഉടമ, മെഹ്റിന്‍ ... "
മെഹ്റിന്‍ ...
അതെ അതവളായിരുന്നു, ഞാന്‍ എന്നും കാണാറുള്ള സ്വര്‍ണ്ണതലമുടിയുള്ള ആ പെണ്‍കുട്ടി.
എന്താണ് പറയുക, വാക്കുകളൊന്നും കിട്ടുന്നില്ല, തൊണ്ട വരളുന്നു ...
കുറച്ചുനേരത്തെ നിശബ്ദതയ്ക് വിരാമമിട്ടു അവള്‍ ചോദിച്ചു.
" എന്തുപറ്റി ഒന്നും മിണ്ടാത്തെ, ഞാന്‍ വിളിക്കില്ലെന്ന് കരുതിയോ "
" ഏയ് അതല്ല ആദ്യമായി കേട്ടപ്പോ.... ഒരു ഇത് "
" ഹ ഹ ... താങ്കള്‍ ഹിന്ദുസ്ഥാനിയല്ലേ ? "
" അതെ ഞാന്‍ ഇന്ത്യക്കാരനാണ് "
" അപ്പോള്‍ നമ്മള്‍ അയല്‍ക്കാരാണ് , ഞാന്‍ മലാലയുടെ നാട്ടുകാരി "
മലാല !!! ... അപ്പൊ പാക്കിസ്ഥാന്‍കാരിയാണോ മെഹ്റിന്‍ ?
.
ഒരുനിമിഷം കൊണ്ട് പവിഴക്കണ്ണും സ്വര്‍ണ്ണത്തലമുടിയും ആ പുഞ്ചിരിയുമെല്ലാം എവിടെയ്ക്കോ അപ്രത്യക്ഷമായതുപോലെ,
ഇല്ല ഒന്നും മാഞ്ഞിട്ടില്ല പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നു പറയുന്നത് പോലെ,
ഈ പ്രണയത്തിനും ജാതിയോ മതമോ രാജ്യമോ ഒന്നും തടസമാവില്ലല്ലോ...
ഞങ്ങളുടെ സംസാരം തുടര്‍ന്നു, മിനിട്ടുകള്‍ മണിക്കൂറുകളായി...
ലാഹോര്‍ സ്വദേശി ഖാന്‍സാല മഹ്മൂദിന്റെയും ആയിഷ മഹ്മൂദിന്റെയും മകളായ മെഹ്റിനെ പറ്റി, അവളുടെ സ്വപ്നങ്ങളെ പറ്റി ...
ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന എന്നെ പറ്റിയും ...
ഞങ്ങള്‍ പരസ്പരം അറിയുകയായിരുന്നു എല്ലാം .
" എന്തേ ഇന്ന് രാവിലെ കണ്ടില്ല "
" ഞാന്‍ ഒന്ന് മാറി നിന്നതാ ... പക്ഷേ ജനാലയിലെ ചില്ല് ജാലകത്തിനുള്ളിലൂടെ ഞാന്‍ കണ്ടിരുന്നു താങ്കളെ.
എന്നെ കാണാതെയുള്ള താങ്കളുടെ ഓരോ തിരിഞ്ഞു നോട്ടങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു ദൂരെ നിന്ന് പക്ഷെ... "
" എന്ത് പക്ഷേ ... "
" താങ്കള്‍ പോയികഴിഞ്ഞപ്പോള്‍ എന്തോ വലിയൊരു ശൂന്യത അനുഭവപ്പെട്ടു. എനിക്കൊന്നിനോടും തൃപ്തി പോരാത്തത് പോലെ ...
എന്തിന് നിദ്ര പോലും എന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നു പോലെ ...
അങ്ങനെ ഒത്തിരിയൊത്തിരി "
" ഒഹ്ഹ ശരിക്കും "
" ഇതാണ് നിങ്ങള്‍ ഹിന്ദുസ്ഥാനികള്‍ക്കുള്ള കുഴപ്പം... പ്രണയം മനോഹരമായി സിനിമകളില്‍ അഭിനയിച്ചു പ്രതിഭലിപ്പിക്കും. പക്ഷേ .... "
" പക്ഷെ .... ??? "
" ഒന്നുമില്ല ഒന്നും .... "
ആ ഒന്നുമില്ലായ്മയില്‍ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു ...
എങ്കിലും വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഒരിഷ്ട്ടം എന്നോടുണ്ടെങ്കില്‍ അതവളുടെ നാവ് കൊണ്ട് കേള്‍ക്കാന്‍ എല്ലാവരെയും പോലെ ഞാനും കൊതിച്ചിരുന്നുവോ ? അതാവാം ഒന്നുകൂടി അവളില്‍ തിരി കൊളുത്താന്‍ പ്രേരിപ്പിച്ചതും ...
" ഞങ്ങള്‍ ഹിന്ദുസ്ഥാനികള്‍ക്ക് അഭിനയിക്കാന്‍ മാത്രമല്ല അതിലുമേറെ പ്രണയിച്ച് ജീവിച്ച് കാണിക്കാനും അറിയാം. "
" അത്രയ്ക്ക് ചങ്കുറപ്പുള്ളവരൊക്കെ അവിടുണ്ടോ " അത് പറഞ്ഞു അവളൊന്ന് പൊട്ടിച്ചിരിച്ചു.
ഒരു നിമിഷം ആ ചിരി എന്തോ എനിക്കിഷ്ട്ടപ്പെട്ടില്ല
" നിങ്ങളെപ്പോലെ യുദ്ധത്തിനെയും മതത്തിനെയും മാത്രം സ്നേഹിക്കുന്നവരല്ല അതിലുമേറെ മനുഷ്യരെ സ്നേഹിക്കുന്നവരാണ് ഞങ്ങള്‍ ഹിന്ദുസ്ഥാനികള്‍. "
" എന്‍റെ ചൂടന്‍ ഹിന്ദുസ്ഥാനീ "
എന്തോ ആ ഒരൊറ്റ വിളിയില്‍ അലിഞ്ഞുപോയത് എന്നിലെ ദേഷ്യം മാത്രമല്ല,
ഒരു നിമിഷം ഹൃദയമിടിപ്പുകള്‍ പോലും നിലച്ചുപോയിരുന്നു...
അങ്ങനെ എന്നുമുള്ള കണ്ണുകള്‍ തമ്മിലുള്ള കഥപറച്ചിലിനോടൊപ്പം കാതിനു കുളിരായി അവളുടെ ഫോണ്‍ വിളികളും എന്നും എനിക്ക് കൂട്ടായി ...
അങ്ങ് ദൂരെ രണ്ടുപേര്‍ എനിക്കായി എന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ ഇന്ന് ഇവിടെ അടുത്തോരാളും എനിക്കായി ...
കണ്ടിട്ടും കാണാതെ കേട്ടുകൊണ്ട് കേള്‍ക്കാതെ ഞങ്ങള്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു ഓരോ ദിനവും.
" പ്രതീ നിന്നോട് പറയാനെന്തൊക്കെയോ എന്‍റെ നാവിന്‍ തുമ്പിലുണ്ട് പക്ഷെ ... പറയാനടുക്കുമ്പോള്‍... "
" സാരമില്ല നിന്‍റെ നാവിന് അത് എന്ന് പറയണമെന്ന് തോന്നുന്നുവോ അന്ന് പറഞ്ഞാല്‍ മതി, അത് വരെ കാത്തിരിക്കാനുള്ള ക്ഷമ എന്‍റെ കാതുകള്‍ക്കുണ്ട് "
എന്തോ അങ്ങനെ മറുപടി പറയാനാണ് എനിക്കപ്പോള്‍ തോന്നിയത്...
എങ്കിലും എനിക്ക് മറുപടി കിട്ടാത്ത എന്തൊക്കെയോ ദുരൂഹതകളും അവള്‍ക്ക് ചുറ്റുമുണ്ടായിരുന്നു...
" ഏയ് ചൂടന്‍ ഹിന്ദുസ്ഥാനീ നീ എന്നെ പ്രണയിക്കുന്നുണ്ടോ ? "
കേള്‍ക്കാന്‍ ഒരുപാട് കൊതിച്ചിരുന്നതാണെങ്കിലും പെട്ടെന്നുള്ള ആ ചോദ്യത്തിന് മുമ്പില്‍ ഞാന്‍ ഒരു നിമിഷംനിശബ്ദനായി.
" പറയൂ " അവള്‍ വീണ്ടും ചോദിച്ചു.
" കഥ പറയുന്ന നിന്‍ കണ്ണുകള്‍ കാണാതെ എനിക്കിന്ന് പ്രഭാതങ്ങളില്ലെങ്കില്‍ നിന്‍ ചുണ്ടുകള്‍ മന്ത്രിക്കുന്ന കവിതകള്‍ കേള്‍ക്കാതെനിയ്ക്കിന്ന് രാത്രികളില്ലെങ്കില്‍ പെണ്ണേ നിന്നെ ഞാന്‍ പ്രണയിക്കുന്നു..... "
പരസ്പരം കാണാതെ, ഇഷ്ട്ടമെന്ന് പറയാതെ പ്രണയം ഉള്ളിലൊതുക്കി സുഹൃത്തുക്കളായി ഞങ്ങള്‍ അഭിനയിച്ച നാടകത്തിന് അന്ന് തിരശ്ശീല വീഴുകയായിരുന്നു...
ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കളായി എത്രനാള്‍ കഴിയാന്‍ പറ്റും എന്നെനിക്കറിയില്ല. പക്ഷെ ആ കണ്ണുകളിലൂടെ ഞാന്‍ കണ്ട എന്‍റെ ഹൃദയത്തോട് ചേര്‍ന്ന മെഹ്റിന്‍ നിന്നെ ഞാന്‍ എങ്ങനെ പ്രണയിക്കാതിരിക്കും ...
ഒരുനാള്‍ അതിര്‍ത്തികള്‍ ഭേദിച്ച് നിന്നെ കൊണ്ടുപോകണമെനിയ്ക് കേരളത്തിലെ എന്‍റെ കൊച്ചു ഗ്രാമത്തിലേയ്ക്ക് എന്‍റെ നല്ല പാതിയായി ...
" എന്‍റെ മുറിയിലെ കട്ടപിടിച്ച ഇരുട്ടിനെ മാത്രം പ്രണയിച്ചിരുന്ന എന്‍റെ ഈ കുഞ്ഞുജീവിതത്തിലേയ്ക് വെളിച്ചമായി എത്തിയ, എന്നെ വീണ്ടും നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച എന്‍റെ ചൂടന്‍ ഹിന്ദുസ്ഥാനീ നിന്നെ ഞാനും പ്രണയിച്ചോട്ടെ "
ഇതവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു പക്ഷേ ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ചത് ഇന്നായിരിക്കും. പവിഴക്കണ്ണുകളുള്ള ഈ സ്വര്‍ണ്ണത്തലമുടിക്കാരി എന്നോട് പ്രണയം തുറന്ന് പറഞ്ഞ ഈ നിമിഷം...
" മെഹ്റിന്‍ നിന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷമേതാണ് " ഞാന്‍ ചോദിച്ചു.
കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു.
" അത്... രണ്ട് വര്‍ഷം മുമ്പ് ... എന്‍റെ വിവാഹ ദിനം "
ഞാന്‍ ഒന്ന് ഞെട്ടി എന്‍റെ സ്വപ്‌നങ്ങള്‍ വീണ്ടും തകരുകയാണോ ... ?
" വിവാഹം ...? "
" ഹ്മം ഞെട്ടാന്‍ വരട്ടെ വിവാഹ ദിനം എന്നേ ഞാന്‍ പറഞ്ഞുള്ളൂ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞില്ല "
" അപ്പോള്‍ ....? "
" മറ്റെല്ലാത്തിനുമപ്പുറം അബ്ബ പണത്തിനെ സ്നേഹിച്ചു അതിന് പിന്നാലെ നടന്ന സമയത്ത് എനിയ്ക്ക് വന്ന ആലോചനയാണത് .
വിവാഹ ദിനമടുത്തപ്പോളെയ്ക്കും അബ്ബയുടെ ബിസിനസ്സ് തകര്‍ന്ന് കൈകള്‍ ചോര്‍ന്നു തുടങ്ങിയിരുന്നു അന്ന് മഹറിന്റെ പേരിലും മറ്റും ആ നിക്കാഹ് മുടങ്ങിയപ്പോള്‍ എന്തോ എനിക്ക് വിഷമം തോന്നിയില്ല. കാരണം കുട്ടിക്കാലത്തെപ്പോഴോ എനിക്ക് നഷ്ട്ടപ്പെട്ട ആ പഴേ അബ്ബയുടെ സ്നേഹം തിരികെ കിട്ടിയത്, എന്‍റെ ഇഷ്ട്ടങ്ങള്‍ അബ്ബ മനസ്സിലാക്കി തുടങ്ങിയത് എല്ലാം അന്ന് മുതലാണ് അതായിരിക്കാം ഇന്നും ഞാന്‍ ആ ദിവസത്തെ ഇത്രയേറെ ഇഷ്ട്ടപ്പെടുന്നത്... "
മനസ്സില്‍ എന്തൊക്കെയോ ചോദ്യങ്ങള്‍ ബാക്കി കിടപ്പുണ്ടായിരുന്നെങ്കിലും ഞാന്‍ നിശബ്ദനായി എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു.
ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നതിനപ്പുറം ഞങ്ങളുടെ പ്രണയവും കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു.
അന്നൊരിക്കല്‍ അവളെന്നോട് ചോദിച്ചു
" നിനക്കിതുവരെ എന്നെ കാണണമെന്ന് തോന്നിയിട്ടില്ലേ "
" ഉണ്ട് പലവട്ടം പക്ഷെ ... ഇങ്ങനെ ദൂരത്തിരുന്നു നിന്‍റെ കണ്ണുകളിലൂടെയും ശബ്ദത്തിലൂടെയും മാത്രം സ്നേഹിക്കുന്നതില്‍ ഒരു സുഖമുണ്ട്. അത് നഷ്ട്ടപ്പെടുത്താന്‍ എന്തേ തോന്നിയില്ല. "
" എനിക്കിന്ന് നിന്നെ കാണണം. "
അത് പറഞ്ഞവള്‍ ഫോണ്‍ വച്ചപ്പോള്‍ മുതല്‍ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഇന്ന് അവളെ എന്‍റെ മെഹ്റിനെ നേരിട്ട് കാണുകയാണ് ആദ്യമായി.
ആറു മണിയാവാന്‍ ഇനിയും സമയമേറെയുണ്ട്. ഇരിപ്പുറയ്ക്കുനില്ല എവിടെയും.
ഇന്ന് ക്ലോക്കിലെ സൂചികള്‍ പോലും പതിയെ സഞ്ചരിക്കുന്നതുപോലെ,
എന്ത് സംസാരിക്കും ? എങ്ങനെ ...?
കൈകളൊക്കെ ഇപ്പോഴേ വിറയ്ക്കുന്നുണ്ട് .
അങ്ങനെ ഇത്രയും നാള്‍ കൊതിച്ച ആ സമയമെത്തി ഒരു കറുത്ത കുര്‍ത്തയും നീല ജീന്‍സുമിട്ട് ഞാന്‍ അബുഷഗാര പാര്‍ക്കിലേയ്ക്ക് പയ്യെ നടന്നു ...
ആ പാര്‍ക്കിലെ ബെഞ്ചിലിരിക്കുമ്പോള്‍ അന്നെന്തോ എന്‍റെ ഹൃദയം പതിവിലുമേറെ ശക്തിയായി മിടിച്ചിരുന്നു .
" ഏയ് ഹിന്ദുസ്ഥാനീ "
ആ വിളി കേട്ട് തലയുയര്‍ത്തവേ ഞാന്‍ കണ്ടു എന്‍റെ മെഹ്റിനെ ....
സ്വരങ്ങളിലൂടെ ഞാന്‍ അറിഞ്ഞ രണ്ട് കണ്ണുകള്‍ കൊണ്ടെനിയ്ക്ക് പ്രണയം എന്ന മൂന്നക്ഷരത്തെ സമ്മാനിച്ച എന്‍റെ മെഹ്റിന്‍ ഇപ്പോള്‍ ഇതാ എന്‍റെ മുമ്പില്‍ ...
ചുവന്ന് ചോര തുളുമ്പുന്ന ആ മുഖം, ചെമ്പിച്ച സ്വര്‍ണ്ണത്തലമുടികള്‍, വിടര്‍ന്ന സുറുമയെഴുതിയ ആ കരിനീലക്കണ്ണുകളും ഹോ ചിരിക്കുമ്പോള്‍ എന്ത് ഭംഗിയാണ് അവളെ കാണാന്‍ ...
ആ കണ്ണുകളിലേയ്ക്കും മുഖത്തേയ്ക്കും നോക്കി ഏതൊരു ശരാശരി മലയാളിയേയും പോലെ പാതി തുറന്ന വായുമായി ഞാന്‍ നിന്നുപോയി കുറച്ചു നേരം...
ആ പാര്‍ക്കിലൂടെ ഞങ്ങള്‍ പതിയെ നടന്നു ഒന്നും മിണ്ടാതെ...
പറയാനെന്തോക്കെയോ മനസ്സിനുള്ളിലുണ്ടെങ്കിലും എന്‍റെ നാവിന് മിണ്ടാനെന്തോ മടി,
ഫോണിലൂടെ നിര്‍ത്താതെ സംസാരിക്കുന്ന അവളുടെ നാവും എന്തോ അന്ന് നിശബ്ദമായിരുന്നു .
ആ നിശബ്ദതയ്ക് വിരാമമിടാനായി ഞാന്‍ ചോദിച്ചു
" എന്തേ ഇന്ന് പെട്ടെന്ന്‍ കാണണമെന്ന് തോന്നിയത് "
" നിന്‍റെ ശബ്ദത്തിനപ്പുറം ഞാനിന്ന് നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നത് പോലെ. ഇനിയൊരിക്കലും നിന്നെ കാണാനാവാത്ത ദൂരത്തേയ്ക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നത് പോലെ എനിക്ക് തോന്നി ... "
" മെഹര്‍ ....... ? "
" ഏയ് ഒന്നുമില്ലെടോ ഹിന്ദുസ്ഥാനീ ഒരു ദുസ്വപ്നം അത്രേയുള്ളൂ "
വീണ്ടും ഒരുപിടി ദുരൂഹതകള്‍ വാക്കുകളില്‍ ഒളിപ്പിച്ചു അവള്‍ തന്നെ ആ സംസാരത്തിന് അവസാനമിട്ടു...
പാര്‍ക്കിനുള്ളിലെ കോഫീ ഷോപ്പില്‍ ഒരു ടേബിളിനിരുവശവും ഇരുന്നപ്പോളും നാവുകള്‍ക്ക് പകരം ഞങ്ങളുടെ കണ്ണുകളായിരുന്നു കഥ പറഞ്ഞിരുന്നത്.
അങ്ങനെ എത്ര നേരം നോക്കിയിരുന്നെന്നറിയില്ല അവളുടെ കണ്ണുകളിലെയ്ക്ക് ...
" എന്തേ ഇങ്ങനെ നോക്കുന്നത് "
" നിന്‍റെ ഈ കണ്ണുകള്‍ക്ക് എന്ത് കാന്തികശക്തിയാണുള്ളത് അതില്‍ നിന്നെനിയ്ക്ക് കണ്ണെടുക്കാനേ കഴിയുന്നില്ലല്ലോ പെണ്ണേ "
" ആഹാ എന്‍റെ കണ്ണുകള്‍ക്ക് അങ്ങനെ ഒരു ശക്തിയുണ്ടോ " അത് പറഞ്ഞവള്‍ പതിയെ ചിരിച്ചു.
" ഉണ്ട് പെണ്ണേ ... നിന്‍റെ ഈ കണ്ണുകളില്‍ നോക്കിക്കൊണ്ടായിരിക്കണം എന്‍റെ മരണം എന്ന് പോലും ഞാന്‍ ഇന്ന് ആഗ്രഹിച്ചു പോകുന്നു "
അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം ഒരു നിമിഷം ഒന്ന് മങ്ങിയോ ... അറിയില്ല ...
കോഫീ ഷോപ്പില്‍ നിന്നിറങ്ങി ഞങ്ങള്‍ വീണ്ടും നടന്നു പാര്‍ക്കിലൂടെ ...
ഈ സായാഹ്നം പെട്ടെന്നവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ...
അങ്ങനെ നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
" ഒരിക്കല്‍ നമ്മള്‍ പിരിയേണ്ടി വന്നാല്‍ എന്ത് ചെയ്യും ? "
" പിരിയുകയോ ? മരണത്തിനപ്പുറവും നമ്മെ പിരിക്കാന്‍ ഇന്ന് ആര്‍ക്കുമാവില്ല പെണ്ണേ. ഈ കയ്യും പിടിച്ചു കണ്ണുകളില്‍ നോക്കി നിന്നോടൊപ്പം ജീവിച്ചു തീര്‍ക്കണം എനിക്കിനിയുള്ള കാലം "
ഇത് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ ...
സ്വപ്നത്തിലെന്നപോലെ വന്നു ഒരിക്കലും മറക്കാത്ത ഒരു സായാഹ്നം സമ്മാനിച്ചു വിട പറഞ്ഞപ്പോള്‍ അവളുടെ കയ്യില്‍ ഞാന്‍ കൊടുത്ത ഒരു കുഞ്ഞു സമ്മാനപ്പൊതിയുമുണ്ടായിരുന്നു.
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു കുഞ്ഞു സമ്മാനപ്പൊതി ...
........................................................................................
പിറ്റേന്ന് രാവിലെ പതിവ് നടത്തം അവളുടെ ബാല്‍ക്കണിയുടെ ചുവട്ടിലെത്തിയപ്പോള്‍ അവിടം ശൂന്യമായിരുന്നു ...
എന്നെ പറ്റിക്കാനായി ഒളിഞ്ഞിരിപ്പാണോ എന്ന് വിചാരിച്ചു ഞാനവളുടെ ഫോണിലേയ്ക്ക് ഡയല്‍ ചെയ്തു ...
മാറി മാറി ഡയല്‍ ചെയ്തെങ്കിലും എനിക്ക് കിട്ടിയ മറുപടി
" സ്വിച്ച് ഓഫ് " എന്നായിരുന്നു ...
അന്ന് ഡ്യൂട്ടി കഴിഞ്ഞു വന്നു പലവട്ടം ശ്രമിച്ചിട്ടും മറുപടി ഒന്ന് തന്നെയായിരുന്നു ...
" സ്വിച്ച് ഓഫ് "
ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.
ആ ബാല്‍ക്കണി അപ്പോഴും ശൂന്യമായിരുന്നു...
ആകെ വട്ടുപിടിക്കുന്നത് പോലെ...
അവളെ കാണാതെ ഒന്ന് മിണ്ടാനാവാതെ പന്ത്രണ്ട് ദിനരാത്രങ്ങള്‍ കടന്ന് പോയിരിക്കുന്നു.
രണ്ടും കല്‍പ്പിച്ചു അവളുടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോള്‍ മറുപടി ആ ഫാമിലി ഫ്ലാറ്റ് മാറി പോയി എന്നതായിരുന്നു ...
ഫ്ലാറ്റ് മാറിപ്പോയെങ്കില്‍ എന്തുകൊണ്ട് അവളെന്നോട് ?
അന്ന് പാര്‍ക്കില്‍ വന്നത് എന്നെ കണ്ടത് അവസാനമായി യാത്ര ചോദിക്കാനായിരുന്നോ ?
അന്ന് അവള്‍ ചോദിച്ച പല ചോദ്യങ്ങളും ഇന്ന് വലിയ ചോദ്യചിഹ്നങ്ങളായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നതുപോലെ ...
" മെഹ്റിന്‍ നീ എവിടെയാണ്, നിന്നെ കാണാതെ ഞാന്‍..."
അവളില്ലാത്ത ആ ബാല്‍ക്കണിയും ഞാന്‍ കണ്ട സ്വപ്നങ്ങളും ആ മധുര പ്രണയവും എല്ലാം എന്നെ നോക്കി ഇന്ന് പല്ലിളിക്കുന്നത് പോലെ ...
.................................................................................................
ഒരു കത്തുണ്ട് എന്ന് രാജാ ഭായി വന്നു പറഞ്ഞപ്പോള്‍ അത്ഭുതമായിരുന്നു എനിക്ക്. ഇന്നത്തെ കാലത്തും കത്തെഴുതുന്നവര്‍ ഉണ്ടോ ? ആരായിരിക്കും എനിക്ക് ?
ഡ്യൂട്ടി കഴിഞ്ഞു പോകുന്നേരം കത്ത് പൊട്ടിച്ചു ...
" എന്‍റെ ഹിന്ദുസ്ഥാനിയ്ക്ക് ..."
ആ ഒരൊറ്റ വാക്കില്‍ എന്‍റെ ഹൃദയം ഒരു നിമിഷം നിലച്ചു ...
മെഹ്റിന്‍ നീയോ ... ?
" ഒരിക്കല്‍ എന്റേത് മാത്രമായിരുന്ന ... അല്ല എന്നും എന്റെതുമാത്രമായ എന്‍റെ ഹിന്ദുസ്ഥാനിയ്ക്ക്,
എന്നോട് ദേഷ്യമുണ്ടായിരിക്കും അല്ലേ പക്ഷെ ഒരിക്കലും എന്നെ വെറുക്കില്ലെന്നറിയാം.
അന്ന് ഞാന്‍ വന്നത് യാത്ര ചോദിക്കാനായിരുന്നു... ഇനിയൊരിക്കലും കാണാനാകാത്ത ദൂരത്തേയ്ക് പോകുന്നതിന് മുമ്പുള്ള ഒരവസാന യാത്ര ചോദിക്കലിന്,
നീ എന്നെ ഇത്രമാത്രം സ്നേഹിച്ചിരുന്നെന്നു ഞാനറിഞ്ഞത് അന്നാണ്. ആ നിന്നോട് ഞാനെങ്ങനെ പറയും ഇത് നമ്മുടെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചയാെണന്നു ഇല്ല എനിക്കതിന് കഴിഞ്ഞില്ല ...
ഇരുണ്ട സ്വപ്നങ്ങളും അതിലേറെ വേദനകളും തിന്നു കഴിഞ്ഞിരുന്ന എന്‍റെ ജീവിതത്തിലേയ്ക് നീ എന്തിനു വന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
പക്ഷെ നീ വന്ന എന്നോട് കൂട്ട് കൂടിയ ആ നാളുകളില്‍ ഒന്നും ഞാന്‍ എന്‍റെ വേദനകള്‍ അറിഞ്ഞിരുന്നില്ല,
അന്ന് മുതല്‍ എന്‍റെ സ്വപ്നങ്ങള്‍ നിറമുള്ളവയായി മാറുകയായിരുന്നു.
ഇന്ന് ന്യൂജേഴ്സിയിലെ മോറിസ്ടൌണ്‍ മെഡിക്കല്‍ സെന്റെറിലെ 301 നമ്പര്‍ റൂമില്‍ മരുന്നിന്റെ മുഷിപ്പിക്കുന്ന ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നില്ല.
നാളെ അവസാന ശസ്തക്രിയയ്ക്കായി ഡോക്ടര്‍മാര്‍ എന്നെ കൊണ്ടുപോകും. ഞാന്‍ അവിടെ നിന്ന് തിരികെ വരുമെന്ന് പ്രതീക്ഷ ഇവിടുത്തെ ഡോക്ടര്‍ അങ്കിളിനു പോലുമുണ്ടാവില്ല.എങ്കിലും പ്രതീക്ഷയോടെ ഞാന്‍ തിരികെവരുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്നോരാള്‍ എന്‍റെ അബ്ബ മാത്രമാണ്. ഇത് വായിച്ചു കഴിയുമ്പോള്‍ ഒരു പക്ഷേ എന്‍റെ ഹിന്ദുസ്ഥാനിയും...
അന്ന് മടങ്ങുമ്പോള്‍ നീ എനിക്ക് തന്ന ഗിഫ്റ്റ് ഓര്‍മ്മയില്ലേ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പൊതിക്കുള്ളില്‍ വച്ചിരുന്ന പാര്‍ക്കര്‍ പെന്‍ .
അന്ന് ഞാനൊരുപാട് ചിന്തിച്ചു നീ എന്തേ എനിക്കൊരു പേന ഗിഫ്റ്റ് തന്നുവെന്ന്.
പക്ഷെ അതിനും ഇന്നെനിക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ഈ പേനയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന അക്ഷരങ്ങളിലൂടെ ആണല്ലോ നിന്നോടെനിയ്ക്ക് അവസാനമായി സംസാരിക്കാനായത്.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ... അല്ല ഇനിയെത്ര ജന്മമുണ്ടെങ്കിലും അത് എന്‍റെ ഈ ഹിന്ദുസ്ഥാനിക്കൊപ്പം മാത്രമായിരിക്കണേ എന്ന് എനിക്ക് വരം വാങ്ങണം അങ്ങ് ചെല്ലുമ്പോള്‍ ദൈവത്തിനോട് ...
എങ്കിലും നിന്നെ ഞാനിത്ര ഇഷ്ട്ടപ്പെട്ടതെന്തേ ന്‍റെ ഹിന്ദുസ്ഥാനി .... "
ഇനിയുമെന്തൊക്കെയോ പറയുവാനുണ്ട് നിന്നോടെനിയ്ക്ക്, പക്ഷെ ഇനി ഒരിക്കലും തുറക്കാത്തത് പോലെ കണ്ണുകള്‍ വീണ്ടുമടഞ്ഞു പോകുന്നു ...
വായിച്ചു തീര്‍ന്നപ്പോലെയ്ക്കും കണ്ണുകളില്‍ ഇരുട്ട് കയറി. ഇതിനായിരുന്നോ ഇത്രയും ഞാന്‍ കാത്തിരുന്നത്. ഒരിക്കല്‍ എന്റെതാവുമെന്നു ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ മെഹ്റിന്‍ ...
ഇല്ല മരണത്തിലും ഞങ്ങളെ ആര്‍ക്കും പിരിക്കാനാവില്ല.
ഞാന്‍ നടന്നു മുന്നോട്ട് ആ കത്ത് വീണ്ടും വീണ്ടും ആര്‍ത്തിയോടെ വായിച്ചു കൊണ്ട്...
മെഹ്റിന്റെ ആ അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്ക് തോന്നി ...
കിംഗ് ഫൈസല്‍ റോഡിലൂടെ ഞാന്‍ മുന്നോട്ട് നടന്നു മറ്റൊന്നും ശ്രദ്ധിക്കാതെ ...
മുന്നിലൂടെ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങളെ അപ്പോള്‍ ഞാന്‍ കണ്ടില്ല. കാതു തുളയ്ക്കുന്ന വാഹനങ്ങളുടെ ശബ്ദങ്ങളും ഞാന്‍ കേട്ടില്ല.
ശക്തമായി എന്തോ ഒന്നെന്നെ തട്ടിയെറിയുമ്പോള്‍ ഞാന്‍ കണ്ടു അങ്ങ് ദൂരെ എന്നെ നോക്കി പുഞ്ചിരിക്കുന്ന സ്വര്‍ണ്ണത്തലമുടിയും പവിഴക്കണ്ണുകളുമുള്ള എന്‍റെ രാജകുമാരിയെ എന്‍റെ മെഹ്റിനെ ...
കാതുകളില്‍ " ഹിന്ദുസ്ഥാനി " എന്ന അവളുടെ വിളിയും...

ആഹാ.തുടരൻ ആണോ??വായിച്ച് വന്നപ്പോൾ പെട്ടെന്ന് തീർന്ന് പോയല്ലോ!!!
ReplyDeleteഓരോ ഭാഗവും അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഭായ്
Deletegood story......nannayittund....
ReplyDeleteനന്ദി ഹബിബ് ഭായ്
Deletereading .............
ReplyDeleteതുടരുക
Deleteഈ ഇൻഡോ - പാക്ക് പ്രണയ കഥ വീണ്ടും തുടരട്ടെ... ആശംസകൾ :)
ReplyDeleteനന്ദി ഭായി
Deletewow ...മനോഹരമായ ഒരു പ്രണയം ... ഒരുപാട് ഇഷ്ടമായി <3
ReplyDeleteനീ കൃഷ്ണന്റെ അവതാരം ആണോ?എവിടെ ചെന്നാലും ഉണ്ടാവുമല്ലോ ഇത് പോലെ ഒന്ന്.
ReplyDelete